Kerala

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് ഫോണ്‍ വാങ്ങിവച്ചത്.

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂവെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് ഫോണ്‍ വാങ്ങിവച്ചത്. ശിവശങ്കറിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന് കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കറിന് പ്രതികളുമായി വലിയ സൗഹൃദമുണ്ടായിരുന്നു.

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു നല്‍കിയതില്‍ വ്യക്തത ലഭിച്ചിട്ടില്ല. കസ്റ്റംസ് ആക്ട് 108 പ്രകാരമാണ് കസ്റ്റംസ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകര്‍ സന്ദീപും റമീസുമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വര്‍ണക്കടത്തിന് ഫിനാന്‍സ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ലാഭവിഹിതം പണം മുടക്കിയവര്‍ക്ക് നല്‍കുന്നതും ജലാലാണ്. ഇവര്‍ ജലാല്‍ മുഖേന സ്വര്‍ണക്കടത്തിന് പണം മുടക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തുന്നു. തുടര്‍ന്ന് ഈ പണമുപയോഗിച്ച് സന്ദീപും റമീസും എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തുന്നു.

സ്വര്‍ണത്തിനു ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടില്‍ വിതരണം ചെയ്യുന്നതും ജലാലാണ്. സ്വര്‍ണം കടത്താന്‍ അംജത് അലി ഉപയോഗിച്ച കാറും കണ്ടെത്തി. അതിനിടെ, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഐടി വകുപ്പിന് കീഴില്‍ സ്വപ്ന സുരേഷ് ജോലിചെയ്തിരുന്ന സ്ഥാപനമാണിത്. കേസുമായി ബന്ധപ്പട്ട് ആദ്യമായാണ് സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നത്. പരിശോധന രണ്ടരമണിക്കൂര്‍ നീണ്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫ്ളാറ്റില്‍ കസ്റ്റംസും നേരത്തെ റെയ്ഡ് നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it