Kerala

പ്രാര്‍ഥനയും പ്രയ്തനവും ഫലം കണ്ടു; പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി

മലപ്പുറം എടക്കര സ്വദേശികളുടെ പിഞ്ചു കുഞ്ഞാണ് വിജയകരമായ ഹൃദ്‌രോഗ ചികില്‍സയ്ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയില്‍ ചികില്‍സ ഒരുക്കിയത്.

പ്രാര്‍ഥനയും പ്രയ്തനവും ഫലം കണ്ടു; പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി
X

കൊച്ചി: പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി. മലപ്പുറം എടക്കര സ്വദേശികളുടെ പിഞ്ചു കുഞ്ഞാണ് വിജയകരമായ ഹൃദ്‌രോഗ ചികില്‍സയ്ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. ഈ മാസം എട്ടിനാണ് എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞു ജനിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് അന്നുതന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ഗുരുതരമായ ഹൃദ്‌രോഗം ആണെന്ന് വ്യക്തമായി ഇതോടെ കുഞ്ഞിന് എറണാകുളം ലിസി ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. കുട്ടിക്ക് ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയില്‍ ചികില്‍സ ഒരുക്കിയത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ജനിച്ചതിന്റെ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചതന്നെ അടിയന്തരമായി ഹൃദ്‌രോഗ ചികില്‍സയ്ക്ക് വിധേയമാക്കുകയായിരുന്നു.













ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ചെയ്തത്. ഒരുദിവസം മാത്രം പ്രായമുള്ള കുട്ടിയില്‍ ഈ ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്നും ഇനി ആറുമാസങ്ങള്‍ക്കുശേഷം രണ്ടാംഘട്ട ശസത്രക്രിയ നടത്തുമെന്നും ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ് പറഞ്ഞു. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ജെറി ഞാളിയത്ത്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും കുട്ടിയെ യാത്ര അയക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it