Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, തിങ്കള്‍ മുതല്‍ അതിതീവ്ര മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല്‍ ഒക്‌ടോബര്‍ 9,10 തിയ്യതികളില്‍ മഞ്ഞ അലേര്‍ട്ടും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന് ഒക്‌ടോബര്‍ 11,12,13 തിയ്യതികളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ ഉത്തരവായി.

പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. എല്ലാ താലൂക്ക് ഓഫിസുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. അടിയന്തര സാഹചര്യത്തെ നേരിടാന്‍ പോലിസും അഗ്‌നിസുരക്ഷാ സേനയും സജ്ജമായിരിക്കാന്‍ ഉത്തരവായി. വിവിധ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിക്കും. മലയോരജലാശയ മേഖലകളില്‍ വിനോദസഞ്ചാരം ഒഴിവാക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണികളുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും, ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. പിഎച്ച്‌സി, സിഎച്ച്‌സികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. താലൂക്കുതലത്തില്‍ അടിയന്തര മെഡിക്കല്‍ സംഘത്തെ തയാറാക്കി നിര്‍ത്തും. മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം വൈകിട്ട് ഏഴുമുതല്‍ രാവിലെ ഏഴുവരെ നിരോധിച്ചു. അടിയന്തര ആവശ്യത്തിനല്ലാതെ രാത്രിയാത്ര അനുവദിക്കില്ല. വൈദ്യുതി ബന്ധത്തില്‍ തകരാര്‍ വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ സജ്ജമാക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം.

പുഴകളിലും തോടുകളിലും നദികളിലും ഇറങ്ങരുത്.

മലയോരമേഖലയിലെ ചാലുകളിലൂടെ മലവെള്ളപ്പാച്ചില്‍, ഉള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ചാലുകള്‍ക്കരികില്‍ നിര്‍ത്തരുത്.

മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.

താഴ്ച്ച പ്രദേശങ്ങള്‍, നദീതീരം, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണം.

കുട്ടികള്‍ പുഴയിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം.

ദുരന്തസാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി വയ്ക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ സുരക്ഷ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മാറിത്താമസിക്കാന്‍ തയാറാകണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നും അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.

ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറുന്ന ഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it