Kerala

കനത്ത മഴ: പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട കലക്ടര്‍മാര്‍

ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാര്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രതപുലര്‍ത്തണമെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

കനത്ത മഴ: പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട കലക്ടര്‍മാര്‍
X

പത്തനംതിട്ട: ജില്ലയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ പമ്പാ ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്ററിലെത്തിയ സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ നീരൊഴുക്കുള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടാണ് ഓറഞ്ച് അലര്‍ട്ട്. പമ്പാ നദീതീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാര്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രതപുലര്‍ത്തണമെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞതവണ വലിയ പ്രളയത്തിന് സാക്ഷ്യംവഹിച്ച പ്രദേശങ്ങളാണിവ. ആഗസ്ത് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു.

കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമാവാന്‍ ഇടയുണ്ട്. ഒരുമണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇതിനാലാണ് രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനുശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക.

പമ്പാ നദിയുടെ കൈവഴികളിലെ തീരദേശവാസികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ അടിയന്തരമായി തീരപ്രദേശങ്ങളിലുള്ള ജനങ്ങളെ ഒഴിപ്പിക്കാനും തഹസില്‍ദാര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ക്യാംപുകള്‍ ആരംഭിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍നിന്ന് എ സി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി. നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന്‍ വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുഴ ഡിപ്പോ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it