Kerala

ചരിത്രത്തില്‍ ഇടംനേടി കപ്പ് ഓഫ് ലൈഫ്

ഹൈബി ഈഡന്‍ എം.പി നടപ്പാക്കിയ കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചു.126 വേദികളില്‍ 24 മണിക്കൂറിനുള്ളില്‍ 1,00001 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു

ചരിത്രത്തില്‍ ഇടംനേടി കപ്പ് ഓഫ് ലൈഫ്
X

കൊച്ചി: ഹൈബി ഈഡന്‍ എംപി നടപ്പാക്കിയ കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചു. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി ഒന്ന് മെന്‍സ്ട്രല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്തതാണ് റെക്കോഡ്. ലോകത്തെ ഏറ്റവും വലിയ ആര്‍ത്തവ ശുചിത്വ പ്രചാരണമായ കപ്പ് ഓഫ് ലൈഫ് 24 മണിക്കൂറിനുള്ളില്‍ 126 വേദികളിലായി 100001 കപ്പുകളാണ് വിതരണം ചെയ്തത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലുലു മാള്‍ ഏട്രിയത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് സ് അഡ്ജു ഡിക്കേറ്റര്‍ സ്വപ്‌നില്‍ ധന്‍ഗരിഗര്‍ നിര്‍വഹിച്ചു. നടന്‍ ആസിഫ് അലി മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡന്‍ എംപി, ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, രമേശ് പിഷാരടി, മുത്തൂറ്റ്ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, ഐ എം എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗിന്നസ് പ്രഖ്യാപനം നടന്നത്. ചരിത്ര പദ്ധതിയുടെ ഭാഗമായ ഒരുലക്ഷത്തി ഒന്ന് വനിതകളെയും അഭിഭാദ്യം ചെയ്യുന്നതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു.


ആഗസ്റ്റ് 30 ന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ കൗണ്ടറുകളില്‍ നിന്ന് 2 മണിക്കൂര്‍ 14 മിനിറ്റ് 13 സെക്കന്‍ഡ് സമയത്തിനുള്ളില്‍ 126 വേദികളിലെയും നോഡല്‍ ഓഫീസര്‍മാരും പ്രതിനിധികളും ഏറ്റുവാങ്ങിയ കപ്പുകള്‍ ഇന്ന് വൈകിട്ട് 5 മണിക്ക് മുന്‍പായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യ വിതരണം പൂര്‍ത്തിയാക്കി. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍, കോളജുകള്‍, സന്നദ്ധ സംഘടനകള്‍, പ്രധാന സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. എറണാകുളം ജില്ലാ ഭരണകൂടം, ഐ എം എ കൊച്ചി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

രണ്ടുമാസം നീളുന്ന ബോധവല്‍ക്കരണ പ്രചാരണങ്ങളും സാങ്കേതിക സെഷനുകളുമാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്. ഐ എം എ കൊച്ചിയുടെ നേതൃത്വത്തില്‍ ആയിരത്തോളം വോളണ്ടിയര്‍മാര്‍ക്കാണ് ആര്‍ത്തവ ശുചിത്വം സംബന്ധിച്ചും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം സംബന്ധിച്ചും പരിശീലനം നല്‍കിയത്. 40 ലധികം ഡോക്ടര്‍മാരാണ് പദ്ധതിയുടെ വിജയത്തിനായി അധ്വാനിച്ചത്. മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയതും കപ്പുകള്‍ തിരഞ്ഞെടുത്തതുമെല്ലാം ഐ എം എ നിയോഗിച്ച ഡോക്ടര്‍മാരായിരുന്നു. ട്രെയ്‌നര്‍മാരുടെ പരിശീലന ചുമതലയും ഐ എം എ കൊച്ചി ശാഖയിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്തു. ഐ എം എ കൊച്ചി ശാഖയെ പ്രതിനിധീകരിച്ച് ഡോ. ജുനൈദ് റഹ്മാന്‍ ജനറല്‍ കണ്‍വീനറായും ഡോ. എം എം ഹനീഷ് ചീഫ് കോര്‍ഡിനേറ്ററായും ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍ പ്രോജക്ട് കോര്‍ഡിനേറ്ററായുമാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ വിജയത്തിനായി പ്രയത്‌നിച്ചത്.

പുരുഷന്മാര്‍ക്ക് ആര്‍ത്തവ വേദന അനുഭവിച്ചറിയാനുള്ള പെയിന്‍ സിമുലേറ്റര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. കോളേജ് വിദ്യാര്‍ഥികളും സെലിബ്രിറ്റികളുമടക്കം നൂറു കണക്കിന് പേരാണ് സിമുലേറ്ററിലൂടെ ആര്‍ത്തവവേദന അനുഭവിച്ചറിഞ്ഞത്. യുവ ഗായിക ആര്യ ദയാല്‍ പാടി അഭിനയിച്ച തീം മ്യൂസിക്കും പരിപാടിക്കായി തയ്യാറാക്കിയിരുന്നു. ചലച്ചിത്ര താരം ജയസൂര്യയാണ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. നടി ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പരസ്യ ചിത്രവും പദ്ധതിയുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു. രമേശ് പിഷാരടിയും ഹൈബി ഈഡനും പങ്കെടുത്ത പ്രചാരണ പരിപാടിയും സംഘടിപ്പിച്ചു. കൊച്ചി മെട്രോ ട്രെയിനുള്ളില്‍ ആലുവ മുതല്‍ പെട്ട വരെ ആര്‍ത്തവവും അറുപതും എന്ന വിഷയത്തില്‍ തുറന്ന് ചര്‍ച്ച നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ കോളജുകളിലും ആശയസംവാദം സംഘടിപ്പിച്ചിരുന്നു.പ്രകൃതി സംരക്ഷണം, സാമ്പത്തിക ലാഭം, 3000 സ്വതന്ത്ര ദിവസങ്ങള്‍, സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം, സാമൂഹിക വിലക്കിനെതിരായ ബോധവല്‍ക്കരണം തുടങ്ങിയ സന്ദേശങ്ങളാണ് കപ്പ് ഓഫ് ലൈഫ് ഉയര്‍ത്തിപ്പിടിച്ചത്.ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് സി എസ് ആര്‍ ഫണ്ടില്‍ നിന്ന് പദ്ധതിക്കായി അനുവദിച്ചത്.

Next Story

RELATED STORIES

Share it