Kerala

രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നു ഹൈക്കോടതി

എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന വിവാഹ നിയമങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും കോടതി വ്യകതമാക്കി

രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നു ഹൈക്കോടതി
X

കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നു ഹൈക്കോടതി. ഭാര്യക്ക് വിവാഹ മോചനം നല്‍കിയ കുടുംബ കോടതി വിധി ചോദ്യം ചെയ്തു ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണമുണ്ടായത്. വിവാഹവും വിവാഹ മോചനവും ഒരു മതേതര നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന വിവാഹ നിയമങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും കോടതി വ്യകതമാക്കി.

നമ്മുടെ നിയമങ്ങള്‍ വിവാഹം മൂലമുള്ള നഷ്ടങ്ങളും അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നവയാണ്. ജീവിത പങ്കാളിയുടെ വൈവാഹിക പരമായ ക്രൂരതയില്‍ നിന്നുള്ള മോചനം ഭരണഘടനാപരമായ അവകാശമാണ്. വൈവാഹിക സ്വാതന്ത്ര്യം എന്നത് വൈവാഹിക സ്വകാര്യതയുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. അതിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടാവുമ്പോള്‍ വിവാഹ ജീവിതത്തിന്റെ സ്വകാര്യത അവസാനിക്കും. സമ്പത്തിനും ലൈംഗീകതയ്ക്കും വേണ്ടിയുള്ള ജീവിത പങ്കാളിയുടെ ആര്‍ത്തി ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരിക്കുന്ന എന്ന ചിന്താഗതിയോടെ എന്ത് അതിക്രമവും നടത്താമെന്നത് പാടില്ല. ഇത്തരം വൈവാഹിക പീഡനങ്ങള്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മുകളിലുള്ള അതിക്രമമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജീവിതപങ്കാളികള്‍ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടവരാണെന്നും കോടതി വ്യക്തമാക്കി. ആധുനിക നീതിശാസ്ത്ര പ്രകാരം ജീവിത പങ്കാളികളായവര്‍ തുല്യ നീതിക്ക് അര്‍ഹരാണ്. ഭര്‍ത്താവിന് ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കോയ്മാ അവകാശം ഭാര്യയുടെ മേല്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it