Kerala

ഇനി റൂം ക്വാറൻ്റൈനിലേക്ക് മാറണം; നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ അപകടം: മുഖ്യമന്ത്രി

ഒരേസമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്.

ഇനി റൂം ക്വാറൻ്റൈനിലേക്ക് മാറണം; നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ അപകടം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറൻ്റൈന്‍ അനുവദിക്കുന്നുണ്ട്. ഇത് ഫലത്തില്‍ റൂം ക്വാറൻ്റൈന്‍ ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നതിന് അപ്പുറത്തേക്ക് ആരും പെരുമാറരുത്. കുട്ടികള്‍, പ്രായമായര്‍, രോഗമുള്ളവര്‍ എന്നിവരുമായി ഒരു ബന്ധവും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഇവിടെയുള്ളവരും അക്കാര്യത്തില്‍ ജാഗ്രത കാട്ടണം.

ഇനി മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. വിദേശത്ത് നിന്നുള്ളവര്‍ കേരളത്തിലേക്ക് വരുമ്പോള്‍, വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി ഇതായിരുന്നു. എന്നാൽ ഇന്ന് ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ ആന്റിബോഡി ടെസ്റ്റിന് നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒരേസമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. സുരക്ഷിത സ്ഥലത്തേക്ക് ഇവരെ എത്തിക്കണം. രോഗബാധയുള്ളവര്‍ക്ക് പ്രത്യേക പരിചരണവും ഉറപ്പാക്കുകയും വൈറസ് ബാധ തടയലും സംസ്ഥാനം ഏറ്റെടുക്കുന്നു. ഇതുവരെ ലഭിച്ച എല്ലാ ആളുകളുടെയും സഹായ സഹകരണങ്ങള്‍ ഇനിയും ഉണ്ടാകണം.

നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്ന തീരുമാനമെടുത്തു. അതിന്റെ ഭാഗമായി കൊവിഡ് ജാഗ്രതാ വെബ്‌പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും പാസും നിര്‍ബന്ധമാക്കിയത്. സഹോദരങ്ങള്‍ മറ്റിടങ്ങളില്‍ അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ച് ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെയുള്ള യാത്രകള്‍ പ്രയാസം വര്‍ധിപ്പിക്കും. ഓരോരുത്തരുടെയും സുരക്ഷ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണം.

എങ്ങിനെയാണോ ഇതുവരെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്, ആ സൂക്ഷ്മത ഇനിയും വേണം. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തല്‍ പോലിസിന്റെ ബാധ്യതയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണം. സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. പക്ഷെ നാം പൂര്‍ണ്ണമായി സുരക്ഷിതരയെന്ന ബോധ്യത്തോടെ മുന്‍പത്തേത് പോലെ പെരുമാറാന്‍ ആരും തുനിയരുതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it