Kerala

രാജ്യത്ത് വര്‍ധിച്ചുവരുന്ന മനുഷ്യാവകാശലംഘനം: രാജ്യസ്‌നേഹികള്‍ ഒന്നിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്‌ക്കെതിരേ മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വര്‍ധിച്ചുവരുന്ന മനുഷ്യാവകാശലംഘനം: രാജ്യസ്‌നേഹികള്‍ ഒന്നിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
X

മലപ്പുറം: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരായി രാജ്യത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും അണിചേരേണ്ട സമയം വൈകിയിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്‌ക്കെതിരേ മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ ഇന്ത്യക്കുള്ള രണ്ട് യശസ്സുകളില്‍ ഒന്ന് ഈ നാട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണെന്നുള്ളതാണ്. മറ്റൊന്നാകട്ടെ ഈ നാട് അംഹിസ എന്ന അടിസ്ഥാനപ്രമാണത്തില്‍നിന്നു രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിന് നായകത്വം വഹിച്ച മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോയിരുന്ന രാജ്യമായിരുന്നുവെന്നുള്ളതാണ്. ഈ രണ്ട് സങ്കല്‍പങ്ങളും തകരുകയാണ്.

എല്ലാദിവസവും പത്രങ്ങളില്‍ വരുന്നത് തുടര്‍ച്ചയായിട്ടുള്ള മനുഷ്യവകാശലംഘനങ്ങളാണ്. യുഎന്‍ അടക്കമുള്ള അന്തര്‍ദേശീയ സംഘടനകള്‍ പലതും ഇക്കാര്യം ഇതിനകംതന്നെ വ്യക്തമാക്കി. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യവകാശധ്വംസനങ്ങളെപ്പറ്റി ലോകത്തിലെ പല രാജ്യങ്ങളിലും ഞെട്ടിത്തരിപ്പിക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അംഹിസയില്‍ അധിഷ്ടിതമായി ഒരുരാജ്യം ഹിംസയുടെ മുഖമായി മാറുകയാണ്. ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനപ്രമാണങ്ങളെയും തകര്‍ത്ത് രാജ്യത്തെ ഏകാധിപത്യപ്രവണതയിലേക്ക് കൊണ്ടുപോവുന്ന പദ്ധതികള്‍ വളരെ അസൂത്രിതമായി മോദി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പ്രശ്നങ്ങള്‍ക്കെതിരായി ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സമരമുറകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കെതിരേ യുഎപിഎ ചുമത്തുകയും രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം പ്രക്ഷോഭസമരങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ ക്രൂരമായ പ്രതികാരനടപടികളെടുക്കുകയും ചെയ്ത ചിത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ദലിത്, പിന്നാക്ക ജനവിഭാഗങ്ങള്‍ വീണ്ടും ചവിട്ടിത്താഴ്ത്തപ്പെടുന്ന ലക്ഷണങ്ങളാണ് കാണുന്നത്. മനുഷ്യവകാശലംഘനത്തിനെതിരായി സംസാരിച്ച ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി.

മതവിദ്വേഷം ഊതിവീര്‍പ്പിച്ച് രാജ്യത്ത് അരാജകത്വമുണ്ടാക്കുക എങ്ങനെയെന്ന് ബിജെപി അതിന്റെ രാഷ്ട്രീയരസതന്ത്രശാലയില്‍ ഗൗരവമായി പ്ലാന്‍ ചെയ്യുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥാവിശേഷത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ചുമുന്നോട്ടുനീങ്ങേണ്ട സമയമാണിതെന്നും ഇ ടി പറഞ്ഞു. കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി മുസ്തഫ, അഷ്റഫ് പാറച്ചോടന്‍, ഹാരിസ് ആമിയന്‍, പരി മജീദ്, ഹക്കിം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it