Kerala

ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊവിഡ് ക്ലസ്റ്റര്‍; കോട്ടയം എംആര്‍എഫില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

സ്ഥാപനം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നും പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നവരില്‍ അവശ്യംവേണ്ട ജീവനക്കാരെ നിയോഗിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം അണുനശീകരണം നടത്തി പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു.

ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊവിഡ് ക്ലസ്റ്റര്‍; കോട്ടയം എംആര്‍എഫില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
X

കോട്ടയം: ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം വടവാതൂരിലെ എംആര്‍എഫ് ടയേഴ്‌സില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ മുന്‍കരുതലുകളും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. സംസ്ഥാന ആരോഗ്യവകുപ്പ് ഈ സ്ഥാപനത്തിനായി പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്. പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങളെയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി കണക്കാക്കുന്നത്.

രണ്ടായിരത്തോളം ജീവനക്കാരുള്ള ഫാക്ടറിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന നടത്തിവരികയാണ്. ഇവര്‍ക്കെല്ലാം ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. മറ്റു ജീവനക്കാര്‍ക്ക് കമ്പനിയുടെ ചെലവില്‍ പരിശോധന നടത്തുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

സ്ഥാപനം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നും പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നവരില്‍ അവശ്യംവേണ്ട ജീവനക്കാരെ നിയോഗിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം അണുനശീകരണം നടത്തി പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്ന ജീവനക്കാര്‍ക്കായി പ്രാഥമിക ചികില്‍സാകേന്ദ്രവും വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രവുമൊരുക്കുന്നതിന് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചു.

Next Story

RELATED STORIES

Share it