Kerala

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലിസ് പിടിയില്‍

ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ്(32),അധികാരി വളപ്പ് സ്വദേശി റിന്‍ഷാദ്(31) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.റിന്‍ഷാദ് ആണ് മോഷ്ടിക്കേണ്ട വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കി ഷിറാസിനെ സഹായിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലിസ് പിടിയില്‍
X

കൊച്ചി: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലിസ് പിടിയില്‍.സേലം,ചെന്നൈ,ബംഗളുരു കൊച്ചി എന്നിവടങ്ങളില്‍ നിന്നടക്കം നിരവധി ബൈക്കുകള്‍ മോഷ്ടിച്ചു വന്നിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ്(32),അധികാരി വളപ്പ് സ്വദേശി റിന്‍ഷാദ്(31) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.റിന്‍ഷാദ് ആണ് മോഷ്ടിക്കേണ്ട വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കി ഷിറാസിനെ സഹായിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നാലു ബൈക്കുകളും മട്ടാഞ്ചേരിയില്‍ നിന്നും രണ്ടു ബൈക്കുകളും തങ്ങളാണ് മോഷ്ടിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണം പ്രതികള്‍ ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.മോഷ്ടിക്കുന്ന വാഹനങ്ങള്‍ നേരം പുലരുന്നതിന് മുമ്പ് തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്നും പോലിസ് പറഞ്ഞു.സേലം,ചെന്നൈ,ബംഗളുരു എന്നിവടങ്ങളില്‍ നിന്നും ആറു ബുള്ളറ്റുകള്‍ കൂടി മോഷ്ടിച്ചതായി ഷിറാസ് സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

പാലക്കാട്,കട്ടപ്പന മേഖലകളില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് ഷിറാസ് എന്നും പോലിസ് പറഞ്ഞു.കൂടാതെ മട്ടാഞ്ചേരി സബ്ഡിവിഷനില്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചുപറി,പീഡനം ഉള്‍പ്പെടെ 11 ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.ഒമ്പതു കേസുകള്‍ വിവിധ കോടതികളില്‍ വിസ്താരത്തില്‍ ഇരിക്കുകയാണ്.തമിഴ്‌നാട്ടിലാണ് ഇയാള്‍ സ്ഥിരമായി ഒളിവില്‍ കഴിഞ്ഞിരുന്നത്.പ്രതിയെക്കുറിച്ചും മോഷ്ടിച്ച ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിയിരുന്ന ആളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it