Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തത് ലജ്ജാകരം: എസ്ഡിപിഐ

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തത് ലജ്ജാകരം: എസ്ഡിപിഐ
X

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമ പെന്‍ഷനുകള്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു എന്നത് സംസ്ഥാനത്തിനു തന്നെ അപമാനമാണ്. ഈ തട്ടിപ്പ് കേവലം ജീവനക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല. രോഗികളും വയോജനങ്ങളും ക്ഷേമപെന്‍ഷന്‍ ഉറപ്പാക്കാന്‍ മസ്റ്ററിങ് നടത്താന്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദാക്ഷിണ്യം തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം തട്ടിപ്പ് നടത്തിയത് കണ്ടെത്താന്‍ വൈകിയത് കൃത്യവിലോപമാണ്. ഇതിന് വേണ്ട സഹായം ചെയ്തവര്‍ ആരൊക്കെയെന്നു കൂടി അന്വേഷിക്കണം. പ്രളയ ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെയുള്ള പല തട്ടിപ്പുകളും നടന്നിട്ടും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരെ മാത്രമല്ല അതിന് ഒത്താശ ചെയ്തവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it