Kerala

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
X

കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ചോദ്യംചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആറ് നേതാക്കളുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്. കാറിന്റെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണു കോടതിക്ക് കൈമാറിയ റിപോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവയ്ക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. കാന്‍സര്‍ രോഗിക്കുവേണ്ടിയാണ് ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജുവിന്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായും സിനിമാ സംബന്ധമായ യാത്രയ്ക്കിടെ തന്റെ വാഹനം തടഞ്ഞപ്പോഴാണു പ്രതിഷധിച്ചതെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും റിമാന്‍ഡ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഈ മാസം 22 വരെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനെതിരേ ജോജു നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടന്റെ കാര്‍ തകര്‍ക്കപ്പെട്ടത്. കേസില്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് റിമാന്റില്‍ കഴിയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ്, ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫ് എന്നിവരും കേസില്‍ അറസ്റ്റിലായിരുന്നു. അതിനിടെ, ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് മരട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

Next Story

RELATED STORIES

Share it