- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ-റെയില്‍: എതിര്‍പ്പിനൊപ്പം നില്‍ക്കലല്ല സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി പിണറായി വിജയന്‍
ഇപ്പോള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ അതുമൂലമുള്ള നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും. ഇത് നാടിനെ പിന്നോട്ടടിക്കും. കാലാനുസൃതമായി നാട് പുരോഗമിക്കണം. അല്ലെങ്കില്‍ അത് നാളത്തെ ഭാവിയായ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി: എതിര്‍പ്പിനൊപ്പം നില്‍ക്കുകയല്ല നാടിന്റെ ഭാവിക്കായി നിലകൊള്ളുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയുമാണ് സര്‍ക്കാരിന്റെ ധര്‍മ്മവും കടമയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഇപ്പോള്‍ പറ്റില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നു നാം ചിന്തിക്കണം. ഇപ്പോള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ അതുമൂലമുള്ള നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും. ഇത് നാടിനെ പിന്നോട്ടടിക്കും. കാലാനുസൃതമായി നാട് പുരോഗമിക്കണം. അല്ലെങ്കില്‍ അത് നാളത്തെ ഭാവിയായ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളും പ്രയാസങ്ങളുമുണ്ടായേക്കാം. നാട് കൂടുതല്‍ മെച്ചപ്പെടുന്നതോടെ ജനങ്ങളുടെ ജീവിതവും മെച്ചപ്പെടും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഏറെ മുന്നിലാണ്. കൂടുതല്‍ പുരോഗതി എങ്ങനെ നേടാമെന്നാണ് ചിന്തിക്കേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കാലാനുസൃതമായ പുരോഗതി പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകണമെന്ന് ഈ രംഗത്തെ പ്രാധാന്യത്തോടെ കാണുന്നവര്‍ ആഗ്രഹിക്കുകയും അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെയും ഫലമാണിത്. പൊതുവിദ്യാലയങ്ങള്‍ തകര്‍ന്നു വീഴുകയും കുട്ടികള്‍ കൊഴിഞ്ഞുപോകുകയും ചെയ്ത കാലമുണ്ടായിരുന്നു. 2016 ല്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പശ്ചാത്തല സൗകര്യ മേഖലയിലും അക്കാദമിക് മേഖലയിലും അടക്കം വലിയ മാറ്റങ്ങളുണ്ടായി. അന്ന് വിദ്യാലയങ്ങള്‍ നന്നാകില്ലെന്ന് ധരിച്ചവരും നാട്ടിലുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയതുകൊണ്ടാണ് ഇതു സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തും ഇതുതന്നെയാണ് സംഭവിച്ചത്. നേരത്തേ നേടിയ നേട്ടങ്ങളില്‍ തറച്ചുനില്‍ക്കാതെ പുതിയ നേട്ടങ്ങള്‍ക്കായി ശ്രമിച്ചു. 2016 ല്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍ ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലുള്ള ചികില്‍സാ സംവിധാനങ്ങളായി. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനത്തിന് ഇതു വളരെയേറെ ഗുണം ചെയ്തു. കൊവിഡിനു മുന്നില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ തല ഉയര്‍ത്തി നിന്നു. കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പൊതുശേഷിയെ കൊവിഡ് മറികടന്നില്ല.
നേട്ടങ്ങളുണ്ടായിരുന്ന മേഖലയില്‍ തന്നെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുകയാണ് ഈ രണ്ടു മേഖലയിലും സംഭവിച്ചത്. എന്നാല്‍ പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തില്‍ നാം ഏറെ പിന്നിലായിരുന്നു. ദേശീയ പാത വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ പോലും വീതിയില്ലാത്ത ദേശീയ പാതയുണ്ടായിരുന്നു. ദേശീയപാതയുടെ വീതി കൂട്ടുന്ന ഘട്ടത്തില്‍ എത്ര മീറ്റര്‍ വീതി കൂട്ടണം എന്നതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടന്നു. തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ 45 മീറ്റര്‍ വീതി കൂട്ടാന്‍ തീരുമാനമായെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാരിന് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2016 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ 45 മീറ്റര്‍ വീതി വര്‍ധിപ്പിക്കുന്നതിന് നടപടികളാരംഭിച്ചു. നാടിന്റെ ഭാവിക്കായി സഹകരിക്കണമെന്ന് എതിര്‍ത്തവരോട് അഭ്യര്‍ഥിച്ചു.
നാടിന്റെ പൊതു ആവശ്യം മുന്നില്‍വെച്ചപ്പോള്‍ എല്ലാവരും സഹകരിച്ചു. ഏറ്റവുമധികം എതിര്‍പ്പ് ഉയര്‍ന്ന ജില്ലയില്‍പ്പോലും ജനങ്ങള്‍ സംതൃപ്തരാണ്. വലിയ തോതിലുള്ള നഷ്ടപരിഹാരമാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല, പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയല്ല ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും അവരെ കഴിയാവുന്നത്ര സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാതയില്‍ തലപ്പാടി മുതല്‍ ഓരോ റീച്ചുകളായി ടെന്‍ഡര്‍ ചെയ്ത് വരികയാണ്. ദേശീയ പാത വേണ്ട എന്നു വാദിച്ചവര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നിരുന്നുവെങ്കില്‍ പദ്ധതി നടക്കുമായിരുന്നില്ല. എതിര്‍ക്കുന്നവര്‍ക്കൊപ്പം നിന്നാല്‍ നാട് സര്‍ക്കാരിനെ കുറ്റപ്പെടുത്തും.ഗെയ്ല്‍ പൈപ്പ് ലൈന്‍ മറ്റു സംസ്ഥാനങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ എതിര്‍പ്പുകൊണ്ട് പദ്ധതി മുടങ്ങിയിരുന്നു.
തെറ്റായ പ്രചാരണങ്ങളും പദ്ധതിയുടെ വിപത്തുകളെക്കുറിച്ചുള്ള പ്രചാരണങ്ങളും മൂലം പദ്ധതി പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായി.കൂടംകുളം വൈദ്യുതി ലൈന്‍ പദ്ധതിയും സമാനമായ രീതിയില്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് പാതിവഴിയിലായിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പദ്ധതി നടപ്പാക്കിയപ്പോള്‍ വൈദ്യുതി എത്തിക്കാനുള്ള പവര്‍ ഹൈവേ യാഥാര്‍ഥ്യമായി.നാടിനാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില്ലറ ബുദ്ധിമുട്ടുകളുണ്ടാകും. സ്ഥലമേറ്റെടുക്കേണ്ടി വരും. എന്നാല്‍ അതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
മലയോര ഹൈവേ, തീരദേശ ഹൈവേ, ജലപാത തുടങ്ങിയ പശ്ചാത്തല സൗകര്യവികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. വലിയ തോതിലുള്ള യാത്രാസൗകര്യങ്ങളൊരുക്കുക പ്രധാനമാണ്. വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഇത് വളരെയേറെ സഹായകരമാകും.കാലത്തിനനുസരിച്ച് മുന്നേറാനും പശ്ചാത്തല സൗകര്യ വികസനത്തിനായി ബജറ്റിനു പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്സാഹത്തിന്റെയും ചെറുത്തുനില്പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്ത്തല് 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില് വെടിനിര്ത്തല് കരാര് ഉടന്; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന് കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്; 49 പേര് പിടിയില്, ഇതില്...
15 Jan 2025 5:42 PM GMT