Kerala

നടുക്കം മാറുന്നില്ല; നിയമലംഘനങ്ങള്‍ തടഞ്ഞേ മതിയാകൂയെന്ന് കെ സുധാകരന്‍ എംപി

ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ കണ്ടെത്താന്‍ എംവിഡിയുടെ നേതൃത്വത്തില്‍ രാത്രികാല സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്താറുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല.

നടുക്കം മാറുന്നില്ല; നിയമലംഘനങ്ങള്‍ തടഞ്ഞേ മതിയാകൂയെന്ന് കെ സുധാകരന്‍ എംപി
X

കണ്ണൂർ: വിനോദയാത്രക്ക് പോയ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കെഎസ്ആര്‍ടിസിയും വടക്കഞ്ചേരിക്ക് സമീപം കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ വേദനയും ആ ദുരന്തത്തിന്റെ നടുക്കവും ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം ഓരോ കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചത്. വാഹനങ്ങളുടെ അമിതവേഗവും മത്സര ഓട്ടവും നിയന്ത്രിക്കാനും തടയാനും നിയമപരമായ സംവിധാനങ്ങള്‍ ഉണ്ടായിട്ടും വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണോ നമുക്ക് വേണ്ടതെന്ന് നാം ഇരുത്തി ചിന്തിക്കേണ്ട സമയം കൂടിയാണ്.

സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നാലുവരി ദേശീയപാതയില്‍പ്പോലും 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയാണ് നിയമപരമായി അനുവദനീയം.എന്നാല്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സ് 97.7 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ആര്‍ടിഓ പരിശോധനയില്‍ വ്യക്തമായത്. അമിതവേഗം നിയന്ത്രിക്കാനുള്ള സ്പീഡ് ഗവര്‍ണര്‍ സംവിധാനം വേര്‍പ്പെടുത്തി പായുന്ന വാഹനങ്ങളെ പിടികൂടുന്ന നിലവിലെ പരിശോധന സംവിധാനത്തിന്റെ ഗുരുതര വീഴ്ചയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ കണ്ടെത്താന്‍ എംവിഡിയുടെ നേതൃത്വത്തില്‍ രാത്രികാല സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്താറുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. മേല്‍പ്പറഞ്ഞ എല്ലാ അലങ്കാരങ്ങളോടും ആലഭാരങ്ങളോടുമാണ് കഴിഞ്ഞ ദിവസം ഒന്‍പതുപേരുടെ ജീവനെടുക്കാനിടയായ ടൂറിസ്റ്റ് വാഹനവും അപകടത്തിലേക്ക് ചീറിപ്പാഞ്ഞത്.തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുള്ള ഇതുപോലുള്ള ബസ്സുകള്‍ക്ക് വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിച്ച മോട്ടോര്‍ വാഹനവകുപ്പും വകുപ്പിലെ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ തടയുന്നതില്‍ പരാജയപ്പെട്ട മന്ത്രിയും സര്‍ക്കാരും ഒരുപോലെ കുറ്റക്കാരാണ്.

വാഹനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു സര്‍ക്കുലറോ ഉത്തരവോ ഇറക്കിയിട്ട് കാര്യമില്ല.അവ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പിശോധനകള്‍ ഉണ്ടാകണം. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ഒടുക്കി വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കാനുള്ള അവസരം നല്‍കരുത.് ഒരു നേരത്തെ അശ്രദ്ധ കൊണ്ട് നഷ്ടമായ ജീവനുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും ആകില്ല.ഗാതഗത നിയമലംഘനങ്ങള്‍ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നിരത്തുകളില്‍ ഇനിയുമേറെ ജീവനുകള്‍ പൊലിയുന്ന സാഹചര്യമുണ്ടാകും. അലംഭാവവും നിസ്സംഗതയും കൊണ്ടുണ്ടാകുന്ന മനുഷ്യക്കുരിതികള്‍ക്ക് അറുതിവരുത്തിയെ മതിയാകൂയെന്നും സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it