Kerala

ഹാരിസിന്റെ മരണം:കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി

കടുത്ത അനാസ്ഥയാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് അവിടുത്തെ ജീവനക്കാരി തന്നെ ശബ്ദ സന്ദേശം അയച്ചിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണ്.നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് ഈ വിഷയം അവസാനിക്കുന്നില്ല. കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ ഭരണ ചുമതലയു പ്രിന്‍സിപ്പാള്‍, മെഡിക്കല്‍ സൂപ്രണ്ട്, ആര്‍എംഒ തുടങ്ങിയ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സുതാര്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം

ഹാരിസിന്റെ മരണം:കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി
X

കൊച്ചി:കൊവിഡ് ബാധിതനായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശി ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ നേഴ്‌സിന്റെ ശബ്ദസന്ദേശം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നും ഹൈബി ഈഡന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും നാടിനും നമുക്കോരോരുത്തര്‍ക്കും വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തിന്റെ വളരെ വലിയ സവിശേഷതയാണ്. ജനപ്രതിനിധി എന്ന നിലയില്‍ എന്നും അവരോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്ത് വന്ന ശബ്ദ സന്ദേശം ം ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്.

കടുത്ത അനാസ്ഥയാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് അവിടുത്തെ ജീവനക്കാരി തന്നെ ശബ്ദ സന്ദേശം അയച്ചിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ചികില്‍സാ പിഴവുകള്‍ ചൂണ്ടിക്കാട്ടി നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവി നടത്തിയ ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അങ്ങനെ ഒരു ജീവനക്കാരി അവിടെയുണ്ട്.അവരുടെ ശബ്ദം തന്നെയാണ് ഇത് എന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ്, രാത്രി തന്നെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ വകുപ്പ് മന്ത്രി, എറണാകുളം ജില്ലയുടെ ചാര്‍ജുള്ള മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുന്നത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി രാത്രി വളരെ വൈകി തന്നെ ഫോണില്‍ ബന്ധപ്പെടുകയും നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന മട്ടാഞ്ചേരിയിലെ ഹാരിസ് മരണപ്പെട്ട സമയത്ത് തന്നെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. എഴുപതിനായിരം രൂപ വില വരുന്ന ബൈ പാപ്പ് അവരെ കൊണ്ട് വാങ്ങിപ്പിച്ചു. ഹാരിസ് മരണപ്പെട്ടതിന് ശേഷം അത് തിരിച്ച് നല്‍കിയില്ല എന്നതായിരുന്നു പരാതി. എന്നാല്‍ വിഷയത്തെ ക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത്തരം യാതൊരു സാമഗ്രിയും രോഗിയെ കൊണ്ട് വാങ്ങിക്കാന്‍ പാടുള്ളതല്ല എന്നാണ് അറിയാന്‍ സാധിച്ചത്. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകളും പ്രചരിച്ചതോടെ ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടില്‍ നിന്നും ആ പണം തിരികെ നല്‍കുകയാണുണ്ടായത്.ശബ്ദസന്ദേശം അയച്ച നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് ഈ വിഷയം അവസാനിക്കുന്നില്ല. കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ ഭരണ ചുമതലയു പ്രിന്‍സിപ്പാള്‍, മെഡിക്കല്‍ സൂപ്രണ്ട്, ആര്‍എംഒ തുടങ്ങിയ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സുതാര്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണം.കുറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.

ജനങ്ങളൂടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത അവസ്ഥയുണ്ടായാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാട് ആരോഗ്യ വകുപ്പ് സ്വീകരിക്കരുതെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it