Kerala

ഗുണ്ടാ നേതാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

വിവിധ സ്‌റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളിലും കവര്‍ച്ചാ കേസിലും പോലിസിനെ അക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലും മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷന്‍പരിധിയില്‍ നിന്നും ചന്ദനമരം മോഷണം നടത്തിയ കേസിലും പ്രതിയാണ് പ്രമോദ്.

ഗുണ്ടാ നേതാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു
X

മാള: ഗുണ്ടാ നേതാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള പ്രമോദ് (മാക്രി പ്രമോദ് 28) വടാശ്ശേരി വീട് കുരുവിലശ്ശേരി എന്നയാളെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. 2013 മുതല്‍ വിവിധ സ്‌റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളിലും കവര്‍ച്ചാ കേസിലും പോലിസിനെ അക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലും മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷന്‍പരിധിയില്‍ നിന്നും ചന്ദനമരം മോഷണം നടത്തിയ കേസിലും പ്രതിയാണ് പ്രമോദ്.

തുടര്‍ന്നാണ് ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളിലായി 24 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള പ്രമോദിനെതിരെ കാപ്പ നിയമപ്രകാരം കേസ് എടുത്തത്. ചെറുപ്രായത്തിലുള്ളവരെ കഞ്ചാവിനും മദ്യത്തിനും അടിമകളാക്കി ക്വട്ടേഷന്‍ പണികളിലേക്ക് ആകൃഷ്ടരാക്കി കൂടെ കൊണ്ട് നടക്കുകയും ചെയ്തിരുന്നു.

നിരവധി കോടതികളില്‍ അറസ്റ്റ് വാറന്റും നിലവിലുള്ള ഇയാള്‍ക്കെതിരെ കാപ്പ നിയമ പ്രകാരം കേസ് എടുത്തതറിഞ്ഞത് മുതല്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലയിലെ കുറ്റിച്ചിറ, കുറ്റിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന പ്രമോദിനെ നിരവധി ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് മാളയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇലക്ഷനോടനുബന്ധിച്ച് ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടണമെന്നുള്ള തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി ഐ പി എസിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് ആയോടന്‍, ദിനേശന്‍, സീനിയര്‍ സിപിഒമാരായ ബിജു കട്ടപ്പുറം, മിഥുന്‍ ആര്‍ കൃഷ്ണ, സിപിഒ മാരായ സലേഷ്, വിമല്‍, സൂജിത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എ എസ് ഐ ഒ എച്ച് ബിജു തുടങ്ങിയവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it