Kerala

തിരഞ്ഞെടുപ്പ് ഹരിതമാക്കാന്‍ ശുചിത്വമിഷന്‍;പ്ലാസ്റ്റിക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

ഓരോ തവണയും ആയിരക്കണക്കിന് ടണ്‍ മാലിന്യമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിങ്ങിനും ശേഷം ബാക്കിയാകുന്നത്. ഇവയുടെ അളവ് പരമാവധി കുറക്കുക എന്നതോടൊപ്പം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യത്തെ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്ന ലക്ഷ്യവും ശുചിത്വ മിഷനും ഹരിത കേരളം മിഷനും മുന്നോട്ടു വെയ്ക്കുന്നു.

തിരഞ്ഞെടുപ്പ് ഹരിതമാക്കാന്‍ ശുചിത്വമിഷന്‍;പ്ലാസ്റ്റിക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി
X

കൊച്ചി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നടപ്പിലാക്കിയ ഹരിത പ്രോട്ടോകോള്‍ നിയസഭാ തിരഞ്ഞെടുപ്പിലും ശക്തമാക്കി ശുചിത്വമിഷന്‍. മാലിന്യരഹിതമായതും ജനങ്ങള്‍ക്കും പ്രകൃതിക്കും ദോഷം വരുത്താത്തതുമായ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ തവണയും ആയിരക്കണക്കിന് ടണ്‍ മാലിന്യമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിങ്ങിനും ശേഷം ബാക്കിയാകുന്നത്. ഇവയുടെ അളവ് പരമാവധി കുറക്കുക എന്നതോടൊപ്പം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യത്തെ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്ന ലക്ഷ്യവും ശുചിത്വ മിഷനും ഹരിത കേരളം മിഷനും മുന്നോട്ടു വെക്കുന്നു.

പിവിസി ഫ്‌ളക്‌സ് , പ്ലാസ്റ്റിക് എന്നിവക്ക് വിലക്ക്

പിവിസി. ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് കൊട്ടിങ്ങോ ഉള്ള പുനഃ ചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. ഇവയുടെ ഉപയോഗം കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാവുന്നതാണ്. ഇവ നീക്കം ചെയ്യുകയും ആയതിന്റെ ചെലവ് അതാതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നതായിരിക്കും.

പരിസ്ഥിതി സൗഹൃദമായവയെ പ്രോത്സാഹിപ്പിക്കാം

100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തുണി, പേപ്പര്‍ . പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ - പുനഃ ചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ,ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ്് ചെയ്യുമ്പോള്‍ റീ സൈക്ലബിള്‍, പിവിസി. ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റ്് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പറും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. തിരഞ്ഞെടുപ്പ് പര്യടന വേളയില്‍ അലങ്കാരങ്ങള്‍ക്കായി പരമ്പരാഗത പ്രകൃതി സൗഹൃദ വസ്തുക്കളായ മുള,ഓല ,പനമ്പ്, വാഴയില മുതലായവ പ്രോല്‍സാഹിപ്പിക്കണം.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാലിന്യം കൈമാറാം

തിരഞ്ഞെടുപ്പിന് ശേഷം ബാക്കിയാകുന്ന മുഴുവന്‍ പുനഃ ചംക്രമണ - പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ അതാതു രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേന മുഖേന സര്‍ക്കാര്‍ കമ്പനിയായ ക്‌ളീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറേണ്ടതാണ്. അലക്ഷ്യമായി വലിച്ചെറിയുകയോ,കത്തിക്കുകയോ, ചെയ്യാന്‍ പാടുള്ളതല്ല.

പോളിംഗ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതുണ്ട്.

പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകാള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ബയോ മെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിക്കാനും സംസാരിക്കാനും സംവിധാനം ഒരുക്കേണ്ടതുണ്ട്.

വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

ഹരിത തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്കും സ്ഥാനാര്‍ഥികളിക്കും ഒരുപോലെ എത്തിയ്ക്കാന്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ഇതോടൊപ്പം ആവിഷ്‌കരിച്ചു കഴിഞ്ഞു. ഹരിത സന്ദേശവുമായി ഓട്ടന്‍തുള്ളല്‍ കലാരൂപം വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. സ്ഥാനാര്‍ഥികള്‍ക്കുള്ള യോഗങ്ങളില്‍ ഹരിത പ്രോട്ടോകോള്‍ വിശദീകരിക്കുകയും കൈപുസ്തകങ്ങകളും ലഘുലേഖകളും വിതരണം ചെയ്യും. നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ഹരിത വോളന്റിയര്‍മാരുടെ സേവനവും ബൂത്ത് തലങ്ങളില്‍ ലഭ്യമാക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക ഹരിത സന്ദേശ വിഡിയോകള്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

സ്ഥാനാര്‍ഥികള്‍ക്ക് അവാര്‍ഡ്.

തിരഞ്ഞെടുപ്പ് പ്രചാരണം പ്രകൃതി സൗഹൃദവും മാലിന്യ രഹിതവുമായി നടപ്പിക്കുന്ന സ്ഥാര്‍ഥികള്‍ക്കു ഇത്തവണ ശുചിത്വ മിഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, മാലിന്യം തരം തിരിച്ചു ശേഖരിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍, പ്രകടന പത്രികയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി നല്‍കിയ പ്രധാന്യം തുടങ്ങിയ കണക്കിലെടുത്താകും അവാര്‍ഡുകള്‍ തീരുമാനിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി tscekm@gmail.com ല്‍ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it