Kerala

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; സത്യം ജയിക്കുമെന്ന് പി ജെ ജോസഫ്

തിരഞ്ഞെുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഒരു മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും. കേസ് വാദിക്കുന്നതിനായി സുപ്രിം കോടതിയിലെ അടക്കം മുതിര്‍ന്ന അഭിഭാഷകരെയാണ് ഇരു വിഭാഗം രംഗത്തിറക്കിയിരുന്നത്

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; സത്യം ജയിക്കുമെന്ന് പി ജെ ജോസഫ്
X

കൊച്ചി: കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ.തിരഞ്ഞെുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഒരു മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും. സുപ്രിം കോടതിയിലെ അടക്കം മുതിര്‍ന്ന അഭിഭാഷകരെയാണ് ഇരു വിഭാഗം വാദിക്കുന്നതിനായി രംഗത്തിറക്കിയിരുന്നത്.തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ അടിയന്തരമായ തീര്‍പ്പുണ്ടാകണമെന്ന് ഹരജിക്കാര്‍ കോടതിയോടെ അഭ്യര്‍ഥിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് വിധി ഉണ്ടായത്.

സത്യവും നീതിയും വിജയിക്കുമെന്ന് കോടതി വിധി അറിഞ്ഞതിനുശേഷം പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ദൈവം തങ്ങളുടെ കൂടെയാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ ചിഹ്നം ജോസ് കെ മാണിക്ക് നല്‍കുന്നതിനെതിരെ വിയോജന കുറിപ്പ് എഴുതിയിരുന്നു. അതിശക്തമായ വിയോജനകുറിപ്പായിരുന്നു അത്.കൂടുതല്‍ വിശദാംശങ്ങളിലേക്ക് താന്‍ ഇപ്പോള്‍ കടക്കുന്നില്ല.പാര്‍ടിയുടെ നിലവിലെ വര്‍ക്കിംഗ് ചെയര്‍മാനാണ് താന്‍ പാര്‍ടിയുടെ പാര്‍ലമെന്ററി പാര്‍ടി നേതാവാണ്.ജോസ് കെ മാണിക്ക് നിലവില്‍ ചെയര്‍മാനായി ആക്ട് ചെയ്യാന്‍ പാടില്ലെന്ന് ഇടുക്കി മുന്‍സിഫ് കോടതിയുടെയും കട്ടപ്പന സബ്‌കോടതിയുടെയും ഉത്തരവ് നില്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഇറക്കിയത്.

ഇന്ന് ജോസ് കെ മാണി പാര്‍ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ കക്ഷിയോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണ്.അത് അദ്ദേഹത്തിന് വിനയാകുമെന്നും പി ജെ ജോസഫ്് പറഞ്ഞു.ഇന്ന് കേസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്ന വിവരം താന്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയിരുന്നതാണ് .അദ്ദേഹത്തിന് ഒരു ദിവസം കൂടി കാത്തിരിക്കാമായിരുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.കോടതിയലക്ഷ്യത്തിനുള്ള ശിക്ഷ ജോസ് കെ മാണിക്കു കിട്ടുമെന്നും പി ജെ ജോസഫ് പറഞ്ഞു.തങ്ങളുടെ ഭാഗമാണ് ശരിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും പി ജെ ജോസഫ് പറഞ്ഞു.എതിര്‍ വിഭാഗം വട്ടപ്പൂജ്യമായി. കേരള കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും അവര്‍ക്ക് ഇനി ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.രണ്ടു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷമാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്.അന്തിമ വിധിയും തങ്ങള്‍ക്ക് അനൂകൂലമായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേ സമയം ഇപ്പോഴുണ്ടായിരിക്കുന്നത് താല്‍ക്കാലികമായ ഉത്തരവ് മാത്രമാണെന്നും വിശദമായ വാദത്തിനായി കേസ് വീണ്ടും കോടതി പരിഗണിക്കുമെന്ന് ജോസ് കെ മാണി വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.അന്തിമ വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും യാതൊരു വിധി അനിശ്ചിതത്വമില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

Next Story

RELATED STORIES

Share it