Kerala

തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു; മുല്ലപ്പള്ളിയെ മാറ്റണമെന്ന് ഉണ്ണിത്താനും ടി എച്ച് മുസ്തഫയും

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും കെ മുരളീധരനും പ്രസ്താവനകള്‍ നടത്തിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനുശേഷം കൂടുതല്‍ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു; മുല്ലപ്പള്ളിയെ മാറ്റണമെന്ന് ഉണ്ണിത്താനും ടി എച്ച് മുസ്തഫയും
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പരസ്യ വിഴുപ്പലക്കിലേക്ക് കടക്കുന്നു. നേതൃമാറ്റമാവശ്യപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും നിരവധി നേതാക്കള്‍ ഈ ആവശ്യമുയര്‍ത്തി രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. പരാജയത്തെക്കുറിച്ച് താഴേത്തട്ടില്‍ വിലയിരുത്തല്‍ നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ തുടരവെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് എതിര്‍ശബ്ദങ്ങള്‍ ഉയരുന്നത് നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ പേരെടുത്ത് വിമര്‍ശിച്ച് തിരുവനന്തപുരം കെപിസിസി ആസ്ഥാനത്തും കെ മുരളീധരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന പോസ്റ്ററുകള്‍ കോഴിക്കോടും കെ സുധാകരനെ നേതൃസ്ഥാനത്തേയ്ക്ക് ക്ഷണിച്ചുകൊണ്ട് കണ്ണൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. നേതൃമാറ്റം അനിവാര്യമെന്നും അതിന് കെ സുധാകരനാണ് യോഗ്യനെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും പേരിലും തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ ഫഌക്‌സുകളും കാണപ്പെട്ടു. കൊല്ലത്ത് ബിജെപിയെ സഹായിച്ചെന്നാരോപിച്ച് ജില്ലാ അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരേയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

കെഎസ്‌യുക്കാരുടെ പ്രവൃത്തിയെ സംസ്ഥാന അധ്യക്ഷന്‍ തളളിപ്പറഞ്ഞെങ്കിലും മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയോട് ഇതുവരെയായും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ മര്യാദയില്ലാത്തവരാണ് കൊല്ലത്തെ പോസ്റ്ററുകള്‍ക് പിന്നിലെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. ഇടുക്കിയില്‍ കെപിസിസി തീരുമാനങ്ങളെ അട്ടിമറിച്ച് ഡിസിസി അധ്യക്ഷന്‍ നടത്തിയ നീക്കങ്ങളാണ് പരാജയത്തിന് കാരണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാറിനെതിരേയാണ് ഇടുക്കിയിലെ പടയൊരുക്കം.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും കെ മുരളീധരനും പ്രസ്താവനകള്‍ നടത്തിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനുശേഷം കൂടുതല്‍ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാര്‍ഥമായാണ് ഒറ്റയ്ക്ക് ഏറ്റെടുത്തതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണമെന്ന് മുന്‍മന്ത്രി ടി എച്ച് മുസ്തഫയും ആവശ്യപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി ആരെയൊക്കയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. കൂട്ടുപ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാക്കാനില്ല. ഒരാള്‍ മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണുള്ളത്. കൂടെയുള്ളവരെ രക്ഷപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ അതേപടി തുടരുകയേ ഉള്ളൂ.

കൂട്ടുത്തരവാദിത്തം ഇക്കാര്യത്തില്‍ ഇല്ലേ. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ചോദിച്ചു. ചെന്നിത്തല പരാജയമാണെന്നും പകരം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആവണമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വം എ കെ ആന്റണി ഏറ്റെടുക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it