Kerala

കൊവിഡ് 16ല്‍ നിന്ന് 161ലെത്തി; നീങ്ങുന്നത് ഗുരുതര സ്ഥിതിയിലേക്ക്

പ്രവാസി മലയാളികളുടെ കൂടി നാടാണ് ഇത്. അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് വരാം. ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.

കൊവിഡ് 16ല്‍ നിന്ന് 161ലെത്തി; നീങ്ങുന്നത് ഗുരുതര സ്ഥിതിയിലേക്ക്
X

തിരുവനന്തപുരം: വര്‍ധിച്ച് വരുന്ന കൊറോണ ബാധ മൂലം സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി. തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരും. പ്രവാസികള്‍ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മെയ് ഏഴിനാണ് വിമാന സര്‍വ്വീസ് ആരംഭിച്ചത്. കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12, ഇന്ന് 24 ഈ രീതിയിലാണ് പുതിയ പോസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോള്‍ 161 ആയി.

രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്നുള്ളവര്‍ക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പുതുതായി രോഗം വന്നതെല്ലാം പുറത്തു നിന്നുള്ളവര്‍ക്കാണെന്നു പറഞ്ഞത് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നത് കണ്ടു. രോഗം വരുന്നത് എവിടെ നിന്നാണെന്ന തിരിച്ചറിവ് ആദ്യം വേണം. അതു പ്രധാനമാണ്. ഇവിടെ നമ്മുടെ സഹോദരങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം. ഒപ്പം ഇവിടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.

സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാൽ റെഡ്‌സോണിലുള്ളവര്‍ ഇവിടെ എല്ലാവരുമായും ഇടപഴകും. അത് വലിയ അപകടമാണ്. അതിനാലാണ് വാളയാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അല്ല അതിനര്‍ത്ഥം. അങ്ങനെയാക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് വേറെ ചില ലക്ഷ്യങ്ങളുണ്ടാവാം. വരുമ്പോള്‍ തന്നെ ആരാണ് രോഗബാധിതര്‍, ആര്‍ക്കാണ് തീരെ രോഗമില്ലാത്തത് എന്നെല്ലാം തിരിച്ചറിയാനാവില്ല. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമേ വഴിയുള്ളൂ. അതു അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷിതത്വത്തിനും അനിവാര്യമാണ്. ഒന്നു മാത്രമേ പറയാനുള്ളൂ ഇത്തരം കുപ്രചരണങ്ങളില്‍ ജനം കുടുങ്ങാന്‍ പാടില്ല.

കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നും പത്തനംതിട്ടയിലെ റാന്നിയിലെത്തിയ കുടുംബത്തിന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എവിടെയും കിടക്കാന്‍ ഇടം കിട്ടാത്ത ആറംഗ കുടുംബത്തിന് ഏറെ നേരം അലയേണ്ടി വന്നു. അവര്‍ ക്വാറന്റൈന്‍ നില്‍ക്കേണ്ട വീട് അവര്‍ക്ക് അനുവദിക്കാത്ത അവസ്ഥയുമുണ്ടായി. മുംബൈയില്‍ നിന്നും പ്രത്യേക വാഹനത്തിലാണ് അവര്‍ വന്നത്. ആ വാഹനം കുറച്ചു നേരം റോഡില്‍ നിര്‍ത്തിയത് പരിഭ്രാന്തി വരുത്തി എന്നൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തുകണ്ടു. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ നാം അവഗണിക്കുന്നു എന്ന തരത്തില്‍ ചില പ്രചാരണം കണ്ടു. ഈ ഘട്ടത്തില്‍ ഒരു കാര്യം പറയട്ടെ പ്രവാസി മലയാളികളുടെ കൂടി നാടാണ് ഇത്. അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് വരാം. ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും കൂടി ഒരു ദിവസം കേരളത്തിലേക്ക് വരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it