Kerala

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; ന്യൂനപക്ഷ വിദ്യാര്‍ഥികളെ വെട്ടിനിരത്തിയത് വഞ്ചന: കെ കെ റൈഹാനത്ത്

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; ന്യൂനപക്ഷ വിദ്യാര്‍ഥികളെ വെട്ടിനിരത്തിയത് വഞ്ചന: കെ കെ റൈഹാനത്ത്
X
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ആവിഷ്‌കരിച്ച കെടാവിളക്ക് സ്‌കോളര്‍ഷിപ് പദ്ധതി മുസ്ലിം, ക്രൈസ്തവ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിഷേധിച്ച ഇടതു സര്‍ക്കാര്‍ നടപടി കടുത്ത അനീതിയും വഞ്ചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. ഒബിസി വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് കെടാവിളക്ക് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്. ഇതു സംബന്ധിച്ച് നവംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 17 നാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതില്‍ യോഗ്യതയുള്ള വിഭാഗങ്ങളുടെ പട്ടികയില്‍ 47 വിഭാഗം ഗുണഭോക്താക്കള്‍ ഇടംപിടിച്ചപ്പോഴാണ് മുസ്ലിം, ക്രൈസ്തവ വിഭാഗം വിദ്യാര്‍ഥികള്‍ വെട്ടിനിരത്തപ്പെട്ടത്.

കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് പദ്ധതിയില്‍നിന്നും ഒഴിവാക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഇതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിനോടും പിന്നാക്ക വിഭാഗ വികസന വകുപ്പിനോടും പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് വകുപ്പുകളും ധനകാര്യ വകുപ്പിന് പദ്ധതി സമര്‍പ്പിച്ചെങ്കിലും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതിക്ക് മാത്രം അനുമതി നല്‍കുകയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് അനുമതി നിഷേധിക്കുകയുമായിരുന്നു. പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്, ലംപ്‌സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ പോലും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. കെടാവിളക്ക് സ്‌കോളര്‍ഷിപ് യോഗ്യതാ മാനദണ്ഡം പുനക്രമീകരിച്ച് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it