Kerala

ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: റോയ് അറയ്ക്കല്‍

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കാരുണ്യ ഫണ്ട് ഉള്‍പ്പെടെ നിര്‍ധന രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം പോലും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: റോയ് അറയ്ക്കല്‍
X

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച ഇടതുസര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തൊഴിലാളികള്‍ക്കുള്ള ശമ്പളം പോലും യഥാസമയം നല്‍കാനാവാതെ ബുദ്ധിമുട്ടുമ്പോഴാണ് സെക്രട്ടറിയുടെ ശമ്പളം പ്രതിമാസം എണ്‍പതിനായിരത്തില്‍നിന്ന് ഒരുലക്ഷത്തി എഴുപത്തി രണ്ടായിരമായി വര്‍ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കാരുണ്യ ഫണ്ട് ഉള്‍പ്പെടെ നിര്‍ധന രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം പോലും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഖാദി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ പി ജയരാജന്റെ ശുപാര്‍ശ പ്രകാരമാണ് കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് നല്‍കി സംരക്ഷിക്കുന്നത്. ഇത് അഴിമതിയും സ്വജനപക്ഷപാതവുമാണ്. തൊട്ടതിലെല്ലാം അഴിമതി കലയാക്കി മാറ്റിയിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. കശുവണ്ടി ഇറക്കുമതി കേസില്‍ 500 കോടിയുടെ അഴിമതി ആരോപണമാണ് ഈ ഉദ്യോഗസ്ഥനെതിരേയുള്ളത്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് സിബിഐ സ്വമേധയാ കേസന്വേഷണം മുന്നോട്ടുകൊണ്ടുപോവുകയാണ്.

യാതൊരു മാനദണ്ഡവുമില്ലാതെ ശമ്പളം വര്‍ധിപ്പിച്ച നടപടി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ മുണ്ടുമുറുക്കിയുടുക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പദവിയും ശമ്പളവും വാരിക്കോരി നല്‍കി ധൂര്‍ത്തടിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച നടപടി പുനപ്പരിശോധിക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it