Kerala

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഒക്ടോബര്‍ 12ന് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഒക്ടോബര്‍ 12ന് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം
X

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായില്ല. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്തമാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി. അതേസമയം രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫാ നജീം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. വിവിധാ കാരണങ്ങള്‍ പറഞ്ഞാണ് ശ്രീറാം കോടതിയിൽ ഹാജരാകാതെ മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി ശ്രീറാം അടുത്തമാസം 12 ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കും മുമ്പ് പ്രതികള്‍ കോടതിയില്‍ ഹാജരായി മുന്‍ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിര്‍ത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.

Next Story

RELATED STORIES

Share it