Kerala

കൊച്ചിയിലെ കനാലുകള്‍ ഗതാഗതയോഗ്യമാക്കല്‍: കെഎംആര്‍എല്‍ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവരപേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്

കൊച്ചിയിലെ കനാലുകള്‍ ഗതാഗതയോഗ്യമാക്കല്‍: കെഎംആര്‍എല്‍ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
X

കൊച്ചി:കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകള്‍ ബന്ധിപ്പിച്ച് ഗതാഗത യോഗ്യമാക്കുന്ന ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീ ജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പദ്ധതി സംബന്ധിച്ച് പുതുക്കിയ വിശദ പദ്ധതി റിപ്പാര്‍ട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് സമര്‍പ്പിച്ചു. പദ്ധതിയിലുള്‍പ്പെട്ട കനാലുകളില്‍ മാത്രം കനാല്‍ ലോക്‌ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ആശങ്ക കണക്കിലെടുത്ത് അതൊഴിവാക്കിയാണ് പദ്ധതി റിപ്പോര്‍ട്ട് പുതുക്കി നല്‍കിയത്.

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് ജലസേചന വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുമായി കൂടിയാലോചന നടത്തിയശേഷമേ കനാല്‍ ലോക് ഗേറ്റിന്റെ സാധ്യത പരിഗണിക്കുകയുള്ളൂ. അതോറിറ്റിയുടെ അനുമതി കിട്ടിയാല്‍ ടെണ്ടറിംഗ് നടപടികള്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട പ്ലാനുകള്‍ അന്തിമമാക്കുകയും ആവശ്യമായ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവരപേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇതില്‍ ഇടപ്പള്ളി കനാല്‍ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കി വാട്ടര്‍മെട്രോയുടെ ഏരൂര്‍, ചേരാനല്ലൂര്‍ ജട്ടികളുമായി ബന്ധിപ്പിക്കും. കനാല്‍ നവീകരണത്തിനാവശ്യമായ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. സോഷ്യല്‍ ഇംപാക്ട് സ്റ്റഡി നടന്നുവരികയാണ്.സ്ഥലം കൈമാറ്റം ചെയ്ത് കിട്ടുന്നതോടെ ഓഗസ്റ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.ചിലവന്നൂര്‍, തേവരപെരണ്ടൂര്‍ കനാലുകളില്‍ റെയില്‍വേലൈന്‍ ക്രോസ് ചെയ്യുന്നതിനാല്‍ തുടര്‍ച്ചയായ ഗതാഗതത്തിന് തടസമുണ്ട്. വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഈ കനാലുകളുടെ വീതിയും ആഴവും കൂട്ടും.

മാര്‍ക്കറ്റ് കനാല്‍ പ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ ജനുവരിയോടെ നടത്തി ഫെബ്രുവരി അവസാനം ജോലികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് കനാലുകളുടെ നവീകരണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

കനാലുകളിലേക്ക് മാലിന്യങ്ങള്‍ വരുന്നത് ഒഴിവാക്കി അതെല്ലാം സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് മാറ്റുന്നതിനൊപ്പമാണ് കനാല്‍ ശുചീകരണവും നടത്തുക. നാല് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളാണ് പദ്ധതിയിലുള്ളത്. കൊച്ചി കോര്‍പ്പറേഷന്റെ 45 ശതമാനവും കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളുടെ ചില പ്രദേശവും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ തന്നെ ഏറ്റവും വിപുലമായ മലിനജല നിര്‍മാര്‍ജന പദ്ധതിയായിരിക്കും ഇത്.

ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീ ജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പദ്ധതിയുമായി സംയോജിപ്പിച്ച് മലിനജല നിര്‍മാര്‍ജന പദ്ധതി നടപ്പാക്കാനാണ് നോഡല്‍ ഏജന്‍സിയായ കേരള വാട്ടര്‍ അതോറിറ്റി ഉദ്ദേശിക്കുന്നത്.കേരള വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ചചെയ്താണ് കെഎംആര്‍എല്‍ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്യൂബ്‌ഐഐറ്റി മദ്രാസിന്റെ നേതൃത്വത്തില്‍ പദ്ധതി റിപ്പോര്‍ട്ടിന്റെ സൂക്ഷ്മ പരിശോധന ആണ് നടന്നുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it