Kerala

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍: പൂര്‍ണമായി റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ ട്രെയിനുകള്‍

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍: പൂര്‍ണമായി റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ ട്രെയിനുകള്‍
X

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതാണ് ദക്ഷിണ റെയില്‍വേ അറിയിച്ചു. 18ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ട്രെയിന്‍ നമ്പര്‍ 06164 കൊച്ചുവേളി- ലോകമാന്യ തിലക് ടെര്‍മിനസ് ബിവീക്കിലി സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി. 18ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 06346 തിരുവനന്തപുരം സെന്‍ട്രല്‍- ലോകമാന്യ തിലക് ടെര്‍മിനസ് ഡെയ്‌ലി സ്‌പെഷ്യല്‍ ട്രെയിനും പൂര്‍ണമായും റദ്ദാക്കി.

18ന് രാവിലെ 9.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 09261 കൊച്ചുവേളി- പോര്‍ബന്തര്‍ വീക്കിലി സ്‌പെഷ്യല്‍ ട്രെയിന്‍ 10 മണിക്കൂര്‍ വൈകി രാത്രി 7.15നായിരിക്കും പുറപ്പെടുക. ട്രെയിന്‍ ഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് സമയം പുനക്രമീകരിക്കുകയായിരുന്നു. ട്രെയിന്‍ നമ്പര്‍ 06345 ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യത്താലാണ് ട്രെയിന്‍ റദ്ദാക്കിയതെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ വിശദീകരിക്കുന്നു.

ഷൊര്‍ണൂര്‍, കോഴിക്കോട് മംഗലാപുരം, കൊങ്കണ്‍ വഴി പോവേണ്ട ഇന്നത്തെ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (പാലക്കാട്, ഈറോഡ്, റെനിഗുണ്ട വഴി ആയിരിക്കും സര്‍വീസ് നടത്തുക). ഷൊര്‍ണൂര്‍, കോഴിക്കോട്, മംഗലാപുരം, കൊങ്കണ്‍ വഴി പോവേണ്ട ഇന്നത്തെ കൊച്ചുവേളി- ചണ്ഡീഗഢ് (പാലക്കാട്, ഈറോഡ്, റെനിഗുണ്ട, വാടി വഴി ആയിരിക്കും സര്‍വീസ് നടത്തുക). പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട്, മംഗലാപുരം വഴി പോവേണ്ട കോയമ്പത്തൂര്‍- ഹിസാര്‍ ഇന്ന് ഈറോഡ്, റെനിഗുണ്ട വഴി ആയിരിക്കും സര്‍വീസ് നടത്തുക.

മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ ഭാഗത്തേക്കുള്ള പാതയില്‍ മംഗളൂരു ജങ്ഷനും തോക്കൂറിനും ഇടയില്‍ പാലക്കാട് ഡിവിഷന്‍ അതിര്‍ത്തിയായ പടിയില്‍ കുലശേഖയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്‍ക്കും കേടുപറ്റിയിരുന്നു. മേഖലയില്‍ പെയ്ത കനത്ത മഴയാണ് മണ്ണ് നീക്കാനുള്ള ജോലികളെ പ്രതികൂലമായി ബാധിച്ചത്.

Next Story

RELATED STORIES

Share it