Kerala

കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളിക്ക് ഒരു കേസില്‍കൂടി ജാമ്യം; പുറത്തിറങ്ങാനാവില്ല

ജോളിക്കെതിരേ മറ്റ് അഞ്ചുകൊലക്കേസുകള്‍ കൂടിയാണ് നിലവിലുള്ളത്. അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിരേ കോടതിയുടെ ഉത്തരവില്‍ പരാമര്‍ശങ്ങളുണ്ട്.

കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളിക്ക് ഒരു കേസില്‍കൂടി ജാമ്യം; പുറത്തിറങ്ങാനാവില്ല
X

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് ഒരുകേസില്‍കൂടി ജാമ്യം ലഭിച്ചു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍തന്നെ തുടരേണ്ടിവരും. നേരത്തെ സിലി കൊലക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. ജോളിക്കെതിരേ മറ്റ് അഞ്ചുകൊലക്കേസുകള്‍ കൂടിയാണ് നിലവിലുള്ളത്. അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിരേ കോടതിയുടെ ഉത്തരവില്‍ പരാമര്‍ശങ്ങളുണ്ട്.

ഇതുസംബന്ധിച്ച് കോടതി നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതാണ്. അത് പോലിസ് ഉദ്യോഗസ്ഥര്‍ ലംഘിക്കുകയാണെങ്കില്‍ കോടതിയുടെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാവും. ക്രിമിനല്‍ നീതിസംവിധാനത്തില്‍ കോടതിക്ക് ഇക്കാര്യത്തില്‍ നിശബ്ദകാഴ്ചക്കാരനായിരിക്കാനാവില്ല. അന്വേഷണസമയത്ത് ശേഖരിച്ച വിവരങ്ങള്‍ മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ച ചെയ്യുന്ന രീതി അപകടകരമാണ്. കോടതിക്ക് നിയമപരമായ തെളിവുകള്‍ മാത്രമേ സ്വീകരിക്കാനാവൂ. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. അപ്പോള്‍ ജുഡീഷ്യറിയെപ്പോലും പൊതുജനം ചിലപ്പോള്‍ സംശയിച്ചേക്കാം.

കുറ്റസമ്മത പ്രസ്താവനയും മറ്റ് കാര്യങ്ങളും അന്വേഷണസമയത്ത് ചോരുന്ന സാഹചര്യമുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭാവിയിലെങ്കിലും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണം. ഏതെങ്കിലും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിക്ക് അയച്ചുകൊടുക്കാനും രജിസ്ട്രിക്ക് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി.

കൂടത്തായി പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കൂടത്തായി പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it