Kerala

കോഴിക്കോട് ബീച്ചിലെ നീന്തല്‍ക്കുളം വിവാദം: മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും

ഡിജിപി ടോമിന്‍ ജെ തച്ചങ്കരി മേധാവിയായുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

കോഴിക്കോട് ബീച്ചിലെ നീന്തല്‍ക്കുളം വിവാദം: മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും
X

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ നീന്തല്‍ക്കുളം നിര്‍മിക്കാനായി ഏറ്റെടുത്ത സ്ഥലവും മുടക്കിയ ലക്ഷങ്ങളും വാങ്ങിയ സാധനങ്ങളും പാഴായെന്ന ഗുരുതര പരാതിയില്‍ നേരിട്ട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡിജിപി ടോമിന്‍ ജെ തച്ചങ്കരി മേധാവിയായുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. ജില്ലാ കലക്ടര്‍ കമ്മീഷനില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1.55 ഏക്കര്‍ സ്ഥലമാണ് നീന്തല്‍കുളം നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പാട്ടത്തിന് അനുവദിച്ചത്. 1999 മുതല്‍ 2019 വരെ പാട്ട കുടിശ്ശികയായ 6,93,27,650 രൂപ ഈടാക്കാന്‍ 2019 ഫെബ്രുവരി 11ന് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ഉത്തരവ് ലഭിച്ചതിനാല്‍ നിര്‍ത്തിവച്ചു.

സ്ഥലം പോര്‍ട്ട് ഏറ്റെടുത്ത് വലിയൊരു ഭാഗം ബീച്ച് സൗന്ദര്യവത്ക്കരണത്തിനായി ഉപയോഗിച്ച് കഴിഞ്ഞു. എന്നാല്‍ 2018 മാര്‍ച്ച് 30 വരെയുള്ള പാട്ടക്കരാര്‍ തുക സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അടച്ചു. പാട്ടത്തിന് നല്‍കിയത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്. പാട്ടം റദ്ദാക്കണമെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ റവന്യൂ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

എന്നാല്‍, നീന്തല്‍ക്കുളം നിര്‍മാണം തീരദേശപരിപാലന നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതു കാരണമാണ് നീന്തല്‍കുളം നിര്‍മ്മാണം നിര്‍ത്തിവച്ചതെന്ന് തുറമുഖ വകുപ്പ് ഓഫിസര്‍ കമ്മീഷനെ അറിയിച്ചു. പാട്ടകാലാവധി അവസാനിച്ചതു കാരണം സ്ഥലം തുറമുഖ വകുപ്പിന് തിരികെ ലഭിക്കേണ്ടതാണെന്നും പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

എന്നാല്‍, കായിക പ്രേമികള്‍ക്കും നീന്തല്‍ താരങ്ങള്‍ക്കും പ്രയോജന പ്രദമായ ഒരു പദ്ധതിയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പരസ്പര മത്സരം കാരണം നഷ്ടമായതെന്ന് പരാതിക്കാരനായ എ സി ഫ്രാന്‍സിസ് കമ്മീഷനെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാത്തതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇത് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്നും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it