Kerala

കെപിസിസി അധ്യക്ഷന്‍: സോഷ്യല്‍ മീഡിയ ചോരിപ്പോര് നിര്‍ത്തണം; തന്റെ യോഗ്യതയില്‍ ആരും അസഹിഷ്ണുത കാണിക്കേണ്ട- കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷന്‍: സോഷ്യല്‍ മീഡിയ ചോരിപ്പോര് നിര്‍ത്തണം; തന്റെ യോഗ്യതയില്‍ ആരും അസഹിഷ്ണുത കാണിക്കേണ്ട- കൊടിക്കുന്നില്‍ സുരേഷ്
X

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചോരിപ്പോര് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യപരമായ പല സംവാദങ്ങളും നടക്കും. അതില്‍ ഏതെങ്കിലും പക്ഷത്തോട് യോജിപ്പോ വിയോജിപ്പോ തോന്നുന്നതും സ്വാഭാവികമാണ്. പക്ഷെ, അതൊരു അമാന്യമായ സോഷ്യല്‍ മീഡിയ ചേരിപ്പോരിലേക്ക് പോയാല്‍ നമുക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം. വ്യക്തിപരമായ താല്‍പര്യങ്ങളേക്കാള്‍ വിശാലമായ പാര്‍ട്ടിയുടേയും നാടിന്റേയും താല്‍പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനും നിങ്ങളും മൂല്യം കല്‍പ്പിക്കേണ്ടതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൊടിക്കുന്നില്‍ വ്യക്തമാക്കി.

തന്നോടുള്ള താല്‍പര്യംകൊണ്ട് വൈകാരികമായി സോഷ്യല്‍ മീഡിയകളില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ്സുകാരും അല്ലാത്തവരും ദയവായി അത്തരം പ്രവണതകളില്‍നിന്ന് വിട്ടുനില്‍ക്കണം. ഒപ്പം എന്താണ് യോഗ്യതയെന്ന് ചോദിക്കുന്നവരോട് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച സംഘടനാപരമായ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിച്ചതും മുമ്പും ഇതേസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതും നിലവിലുള്ള വര്‍ക്കിങ് പ്രസിഡന്റ് എന്നതും പ്രസ്തുത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത തന്നെയാണ്. അതിലാരും അസഹിഷ്ണുത കാണിക്കേണ്ടതില്ല.

യോഗ്യത അയോഗ്യതകള്‍ക്കപ്പുറം പാര്‍ട്ടി കാലോചിതമായ തീരുമാനമെടുക്കും. പാര്‍ട്ടിയുടെ തീരുമാനമെന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും. നാളെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാവുമെന്ന് എന്നോട് ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ലെന്ന് പറയാന്‍ കഴിയുമെന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാരണം ഞാനിപ്പോഴും പോസ്റ്ററൊട്ടിക്കുകയും വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിക്കുകയും യൂനിറ്റ് സമ്മേളനങ്ങള്‍ക്ക് കഴിയുന്നത്ര ആളെ കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ്. അത് തന്നെയാണ് ഇപ്പോഴും എപ്പോഴും എന്റെ മേല്‍വിലാസമെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ കെപിസിസി പ്രസിഡന്റ് ആവണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആദ്യം തന്നെ പറയട്ടെ ആരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നും, എന്താണ് കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യതയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് പാര്‍ട്ടി ആണെന്നും ഞാന്‍ അടക്കമുള്ള പലനേതാക്കളും പലരീതിയില്‍ യോഗ്യതകള്‍ ഉള്ളവരാണെന്നും പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ ഭാഗീകമായി അവതരിപ്പിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാന്‍ കഴിയും എന്ന് കരുതുന്നവരല്ല ഞാന്‍ അടക്കമുള്ള ഒരു കോണ്‍ഗ്രസ്സുകാരനും.

സമൂഹത്തിന്റെ കീഴ്തട്ടില്‍നിന്ന് സാധാരണ പ്രവര്‍ത്തകനായി ഉയര്‍ന്നു വന്ന ആളാണ് ഞാന്‍. പാര്‍ട്ടി എന്നെ പല ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും അതൊക്കെ ഞാന്‍ സന്തോഷത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സമയത്ത് തമിഴ്‌നാട് ഇലക്ഷനിലെ സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റിയെ നയിച്ചുകൊണ്ട് വലിയ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കാനായതുവരെ സംതൃപ്തിയോടെ ഓര്‍ക്കുന്നു.

ഇക്കാലമത്രയും പാര്‍ട്ടിയില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള വിവേചനം ഞാന്‍ അനുഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, വിയോജിപ്പുകള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ക്കും സംവാദാത്മകമായ ഇടം ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആണെന്ന പൂര്‍ണബോധ്യവും എനിക്കുണ്ട്. ഒരുപാട് ഉത്തരവാദിത്വങ്ങളും അധികാരസ്ഥാനങ്ങളും തുടര്‍ച്ചയായി എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതും, മുമ്പ് പല തവണയും ഈ തവണയും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചതും കോണ്‍ഗ്രസ് തന്നെയാണ്.

എനിക്ക് പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്, ഉത്തരവാദിത്വപ്പെട്ട കോണ്‍ഗ്രസ്‌കാരനെന്ന നിലയില്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ഓര്‍മിപ്പിക്കാനുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യപരമായ പല സംവാദങ്ങളും നടക്കും. അതില്‍ ഏതെങ്കിലും പക്ഷത്തോട് യോജിപ്പൊ വിയോജിപ്പോ തോന്നുന്നതും സ്വാഭാവികമാണ്. പക്ഷെ, അതൊരു അമാന്യമായ സോഷ്യല്‍ മീഡിയ ചേരിപ്പോരിലേക്ക് പോയാല്‍ നമുക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം. വ്യക്തിപരമായ താല്‍പര്യങ്ങളേക്കാള്‍ വിശാലമായ പാര്‍ട്ടിയുടെയും നാടിന്റെയും താല്‍പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനും നിങ്ങളും മൂല്യം കല്‍പ്പിക്കേണ്ടത്.

മറ്റൊരു കാര്യം എന്നോടുള്ള താല്‍പര്യം കൊണ്ട് വൈകാരികമായി സോഷ്യല്‍ മീഡിയകളില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ്സുകാരും അല്ലാത്തവരും ദയവായി അത്തരം പ്രവണതകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ്. ഒപ്പം എന്താണ് യോഗ്യതയെന്ന് ചോദിക്കുന്നവരോട് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച സംഘടനാപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിര്‍വഹിച്ചതും മുമ്പും ഇതേ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതും നിലവിലുള്ള വര്‍ക്കിങ് പ്രസിഡന്റ് എന്നതും പ്രസ്തുത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത തന്നെയാണ്. അതിലാരും അസഹിഷ്ണുത കാണിക്കേണ്ടതില്ല. യോഗ്യത അയോഗ്യതകള്‍ക്കപ്പുറം പാര്‍ട്ടി കാലോചിതമായ തീരുമാനം എടുക്കും. പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും.

നാളെ പാര്‍ലമെന്ററി പൊളിറ്റിക്‌സില്‍നിന്ന് മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാവുമെന്ന് എന്നോട് ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ലെന്ന് പറയാന്‍ കഴിയുമെന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാരണം ഞാനിപ്പോഴും പോസ്റ്ററൊട്ടിക്കുകയും വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചോദിക്കുകയും യൂനിറ്റ് സമ്മേളനങ്ങള്‍ക്ക് കഴിയുന്നത്ര ആളെ കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കോണ്‍ഗ്രസ്സുകാരനാണ്. അത് തന്നെയാണ് ഇപ്പോഴും എപ്പോഴും എന്റെ മേല്‍വിലാസം.

Next Story

RELATED STORIES

Share it