Kerala

കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്സിയോടാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്‍മാര്‍ പരാജയപ്പെട്ടത്

കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം
X

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന് തോല്‍വിയോടെ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്സിയോടാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്‍മാര്‍ പരാജയപ്പെട്ടത്. രണ്ടാം പകുതിയില്‍ നിഹാല്‍ സുധീഷാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ബുജൈര്‍ വലിയാട്ടിന്റെ ഇരട്ട ഗോളുകള്‍ക്കൊപ്പം നിധിന്‍ കൃഷ്ണയും യുണൈറ്റഡിന്റെ വിജയ ഗോളുകള്‍ സ്വന്തമാക്കി. ലീഗില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കളിയുടെ അവസാന മിനുറ്റുകളില്‍ മഞ്ഞപ്പടയുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ യുണൈറ്റഡിനെ വിറപ്പിച്ചെങ്കിലും സ്‌കോര്‍ ഉയര്‍ത്താനായില്ല.

ദീപ്സാഹ, സുരാഗ് ചേത്രി, നിഹാല്‍ സുധീഷ് എന്നിവരെ കുന്തമുനകളാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. വി എസ് ശ്രീകുട്ടന്‍, സുഖാം യോയ്ഹെന്‍ബാ മീട്ടെയ്, ഗോട്ടിമയും എന്നിവര്‍ മധ്യനിരയില്‍. നായകന്‍ ടി ഷഹജാസ്, വി ബിജോയ്, വി ആര്‍ സുജിത്, അമല്‍ ജേക്കബ് എന്നിവര്‍ക്കായിരുന്നു പ്രതിരോധ നിരയുടെ ചുമതല. സച്ചിന്‍ സുരേഷായിരുന്നു വല കാത്തത്. ഫ്രാന്‍സീസ് ഡഡ്സെനയെയും ബുജൈര്‍ വലിയാട്ടിനെയും മുന്നില്‍ നിര്‍ത്തിയാണ് കേരള യുണൈറ്റഡ് ഇറങ്ങിയത്. അര്‍ജുന്‍ ജയരാജും മുഹമ്മദ് ഷഫീറും ഹൃഷിദത്തുമായിരുന്നു മധ്യനിരയുടെ കരുത്ത്. നിധിന്‍ കൃഷ്ണന്‍, സ്റ്റീഫന്‍ അബേക്വ, കെ മുഹമ്മദ് നൗഫല്‍, സച്ചു ബേബി, മൗസൂഫ് നൈസാന്‍ എന്നിവര്‍ പ്രതിരോധ കോട്ടകെട്ടി. കെ എസ് സന്ദീപായിരുന്നു ഗോല്‍വലയുടെ കാവല്‍ക്കാരന്‍.

ഗോളടിക്കാന്‍ ബ്ലാസ്റ്റേഴ്സും യുണൈറ്റഡും പരസ്പരം പോരടിച്ചപ്പോള്‍ ആദ്യപകുതിയില്‍ തന്നെ മഹാരാജാസ് ഗ്രൗണ്ട് ആവേശത്തിലായി. തുടക്കത്തില്‍ യുണൈറ്റഡ് ഗോള്‍മുഖത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വട്ടമിട്ടു പറന്നു. മൂര്‍ച്ചയേറിയ നീക്കങ്ങളെല്ലാം യുണൈറ്റഡ് തടഞ്ഞിട്ടു. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ പിഴവ് മുതലെടുത്ത യുണൈറ്റഡ് 43ാം മിനിറ്റില്‍ ചാംപ്യന്മാരുടെ വല കുലുക്കി. യുണൈറ്റഡിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് നിധിന്‍ കൃഷ്ണന്‍ തന്ത്രപരമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിക്ക് തൊട്ട്മുമ്പ് യുണൈറ്റഡ് സ്‌കോര്‍ വീണ്ടും ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുന്നേറിയ ബുജൈര്‍ വലിയാട്ടാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ ആദ്യനിമിഷം തന്നെ യുണൈറ്റഡ് ലീഡ് ഉയര്‍ത്തിയെങ്കിലും ഓഫ് സൈഡില്‍ കരുങ്ങി.

ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെ യുണൈറ്റഡ് പ്രതിരോധം ചെറുത്തെങ്കിലും 66ാം മിനിറ്റില്‍ പെനാല്‍റ്റിയായി വീണുകിട്ടിയ അവസരം നിഹാല്‍ സുധീഷ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നിഹാലിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും 89ാം മിനിറ്റില്‍ ബുജൈറിലൂടെ യുണൈറ്റഡ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. ആസിഫ് ഒ.എം, മുഹമ്മദ് ജിയാദ്, ഗാലിന്‍ ജോഷി എന്നിവര്‍ ബ്ലാസ്റ്റേഴ്സിന് പകരക്കാരായി ഇറങ്ങി. മാര്‍ച്ച് 27ന് കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.

Next Story

RELATED STORIES

Share it