- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്റെ ഭാര്യ ആണ്‍കുട്ടിക്കാണ് ജന്മം നല്‍കുന്നതെങ്കില്‍ അവനെയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയാക്കും
കുഞ്ഞിക്കാദര്‍: മലബാര്‍ മഹാ സമരത്തിലെ രക്തനക്ഷത്രം
-ഹമീദ് പരപ്പനങ്ങാടി
താനൂര്‍: ഒരു ആഗസ്ത് 20 കൂടി കടന്ന് പോയി. ഒപ്പം മലബാര്‍ സമരത്തില്‍ രക്തം കൊണ്ട് ചരിത്രം രചിച്ച സാധാരണക്കാരനായ ഒരു മത്സ്യതൊഴിലാളി ശഹീദ് കുഞ്ഞിക്കാദര്‍ എന്ന താനൂര്‍കാരന്റെ ഓര്‍മകളും ചരിത്രങ്ങളും വിസ്മരിച്ച ഒരു ദിനം കൂടി കടന്ന് പോയി. ചരിത്രത്തിലൊരിടത്തും കുഞ്ഞിക്കാദര്‍ തിളങ്ങുന്നില്ല. ആരും കാര്യമായ റോളുകളൊന്നും അദ്ദേഹത്തിന് നിര്‍ണയിച്ച് നല്‍കിയിട്ടുമില്ല- ഹംസ ആലുങ്ങലിന്റെ കുഞ്ഞി കാദറിനെ കുറിച്ചുള്ള വരികള്‍ക്കിടയില്‍ ഇങ്ങനെയെങ്കിലും ഈ ധീരനെ കുറിച്ച് എഴുതി ചേര്‍ത്തിരിക്കുന്നു. മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആധികാരിക രേഖയാണെന്നവകാശപ്പെടുന്ന കെ മാധവന്‍ നായരുടെ മലബാര്‍ കലാപമോ മറ്റോ ഈ ദേശാഭിമാനിയുടെ രാജ്യസ്‌നേഹത്തെ കണ്ടതായി ഭാവിച്ചില്ല. അത് മനസ്സിലാക്കാന്‍ പട്ടാളക്കോടതിയില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി വായിച്ചാല്‍ മാത്രം മതിയാകും.
ഞാന്‍ താനൂരില്‍ നിന്ന് തിരൂരങ്ങാടിക്ക് പുറപ്പെടുമ്പോള്‍ എന്റെ ഭാര്യ ഗര്‍ഭവതിയാണ്. അടുത്തമാസം അവള്‍ പ്രസവിക്കും. അവള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവനേയും ഞാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായി രംഗത്ത് വരാന്‍ പരിശീലിപ്പിക്കും-എന്നതായിരുന്നു ആ മൊഴി.
പിറക്കാനിരിക്കുന്ന മക്കളെക്കുറിച്ച് എല്ലാ മാതാപിതാക്കള്‍ക്കും സ്വപ്നങ്ങളുണ്ടാകും. അവര്‍ ജനിക്കുന്നതും കാത്ത് കണ്ണില്‍ എണ്ണയൊഴിച്ചിരിക്കും. എന്നാല്‍, പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കുഞ്ഞിക്കാദര്‍ പിടിയിലാകുമ്പോള്‍ നിറവയറുമായി ഭാര്യ വീട്ടില്‍ കഴിഞ്ഞിരുന്നത്. 1920 ആഗസ്ത് 20ന്റെ പുലര്‍ച്ചെയില്‍ വേവലാതിയോടെയാണ് അദ്ദേഹം വീടിന്റെ പടികളിറങ്ങിയത്. ഭര്‍ത്താവിനെ യാത്രയാക്കുമ്പോള്‍ ഭാര്യയുടെ മുഖത്തും ആശങ്കകളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയിരുന്നു. എങ്കിലും അദ്ദേഹം വരുമെന്ന് തന്നെ അവര്‍ വിചാരിച്ചു. വൈകിയാലും വരാതിരിക്കില്ലെന്ന പ്രതീക്ഷയില്‍ ആ ഉമ്മയും മക്കളും കാത്തിരുന്നു.
ഉടനെ മടങ്ങിവരാം, പടച്ചോനോട് പ്രാര്‍ഥിക്ക് എന്ന് ഭാര്യയോട് പറഞ്ഞാണദ്ദേഹം തിരൂരങ്ങാടിയിലേക്ക് ആളെക്കൂട്ടാന്‍ ഇറങ്ങിയത്. തലേന്ന് രാത്രിയിലും അതിനുവേണ്ടിയായിരുന്നു ഓടിപ്പാഞ്ഞിരുന്നത്. പിന്നീട് ഭാര്യ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ജയിലില്‍ വച്ചാണ് അദ്ദേഹമറിഞ്ഞത്.
കലാപത്തില്‍ പങ്കുകൊണ്ടവരെയെല്ലാം ഏകപക്ഷീയമായാണ് വിചാരണ ചെയ്തത്. അവര്‍ക്ക് പറയാനുള്ളതൊന്നും ബ്രിട്ടീഷ് അധികാരികള്‍ക്ക് കേള്‍ക്കണമായിരുന്നില്ല. ജീവനില്‍കൊതിയുള്ളവരൊക്കെ രക്ഷപ്പെടാന്‍ പഴുതുകള്‍ അന്വേഷിക്കുമ്പോഴും കുഞ്ഞിക്കാദര്‍ കൂസിയില്ല. തൊട്ടുമുന്നില്‍ മരണം കിടന്ന് പിടക്കുന്നുണ്ടെന്നതു തീര്‍ച്ചയായിക്കഴിഞ്ഞിരുന്നു. എന്നിട്ടും നെഞ്ച് പിടച്ചില്ല. പതറാതെയാണ് തൂക്കുകയറിന് മുമ്പിലേക്ക് പുഞ്ചിരിയോടെ നടന്നടുത്തത്. ആ ധീരതയുടെ ആള്‍രൂപത്തെയാണ് ചരിത്രകാരന്‍മാര്‍ വേണ്ടരീതിയില്‍ കാണാതെ പോയത്.
കുഞ്ഞിക്കാദറിനെപ്പോലൊരു ആണ്‍കുട്ടിയില്ല
ഇത്രയധികം ഉശിരും രാജ്യസ്‌നേഹവും നിറഞ്ഞ ഒരാണ്‍കുട്ടിയെ കുഞ്ഞിക്കാദറിന് ശേഷം താനൂരിലെ ഒരുസ്ത്രീയും പ്രസവിച്ചിട്ടില്ലെന്നാണ് മലബാര്‍ ലഹളയെക്കുറിച്ച് പുസ്തകം എഴുതിയ പണ്ഡിതന്‍ കെ കോയട്ടി മൗലവി ഒരിക്കല്‍ പറയുകയുണ്ടായതെന്ന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ ഹസനാര്‍കുട്ടി ഒരു ലേഖനത്തില്‍ സ്മരിക്കുന്നുണ്ട്.
ഉമൈത്താനകത്ത് പുത്തന്‍ വീട്ടില്‍ കുഞ്ഞിക്കാദര്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ഗുരുവര്യനും പണ്ഡിതനുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരിലൂടെയാണ് കുഞ്ഞാക്കാദര്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. പിറന്നനാടിന്റെ മോചനം മാത്രം സ്വപ്നംകണ്ട് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇച്ഛാശക്തിയോടെ പടനയിച്ച ആ പോരാളിയുടെ ജീവിതം അതുല്യമാണ്. മലബാറിലെ കിലാഫത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധനായിരുന്നു കുഞ്ഞിക്കാദര്‍. താനൂരില്‍ അദ്ദേഹത്തിന്റേയും പരീക്കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തിലായിരുന്നു ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
ഖിലാഫത്ത് സമ്മേളനത്തില്‍
1918ല്‍ കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന ഖിലാഫത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുഞ്ഞിക്കാദറും പങ്കെടുത്തു. താനൂരില്‍ നിന്നുള്ള പ്രവര്‍ത്തകരേയും ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ചരിത്രപ്രസിദ്ധമായ ആ യോഗത്തില്‍ അദ്ദേഹം പങ്കെടുപ്പിച്ചു. ഗാന്ധിജിയുമായും ഷൗക്കത്തലിയുമായുമെല്ലാം കുഞ്ഞിക്കാദറിന് നേരിട്ടുബന്ധമുണ്ടായിരുന്നു. അറബിയും ഉറുദുവും തമിഴും നന്നായി സംസാരിച്ചിരുന്നു അദ്ദേഹം. മലബാറിലെ സ്ഥിതിഗതികളേയും ഖിലാത്ത്പ്രവര്‍ത്തനങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം നേതാക്കളുമായി ആശയ വിനിമയം നടത്തി. അങ്ങനെയാണ് ഉത്തരേന്ത്യക്കാരനായ അബ്ദുല്‍കരീം എന്ന ഖിലാഫത്ത് പ്രവര്‍ത്തകനെ ഗാന്ധിജി താനൂരിലേക്കയക്കുന്നത്. ഇദ്ദേഹം ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശ ഉപദേശങ്ങള്‍ നല്‍കാന്‍ ഗാന്ധിജിയെ അനുഗമിച്ചിരുന്ന വ്യക്തിയായിരുന്നു.
ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം താനൂരിലെത്തുന്ന ഖിലാഫത്ത് നേതാവിന്റെ പ്രസംഗംകേള്‍ക്കാന്‍ പരിസരവാസികളെല്ലാം മാടത്തില്‍ മൈതാനിയിലായിരുന്നു ഒത്തുകൂടിയിരുന്നത്. സമ്മേളനത്തിന് ആളെക്കൂട്ടാന്‍ കുഞ്ഞിക്കാദറും പരീക്കുട്ടി മുസ്‌ലിയാരും ഓടി നടന്നു. യോഗത്തില്‍ മുഹമ്മദ് അബ്ദുറഹിമാനും സംബന്ധിച്ചു. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍, അത് സമാധാനപരമായ മാര്‍ഗത്തിലൂടെയാകണം. സമരത്തിന്റെ പ്രസക്തിയും ആവശ്യകതയെക്കുറിച്ചുമൊക്കെയായിരുന്നു അവരുടെ പ്രസംഗം. സമ്മേളനത്തിനൊടുവിലായി താനൂരില്‍ ഖിലാഫത്ത് കമ്മിറ്റിക്കും രൂപം നല്‍കി. വാരിയല്‍ മാളിയേക്കല്‍ ചെറുകോയ തങ്ങളായിരുന്നു പ്രസിഡന്റ്. പരീക്കുട്ടി മുസ്ലിയാര്‍ സെക്രട്ടറിയുമായി. കുഞ്ഞിക്കാദറും ടി കെ കുട്ടി ഹസ്സന്‍ എന്ന ബാവയുമായിരുന്നു ജോയന്റ് സെക്രട്ടറിമാര്‍.
താനൂര്‍ ടൗണിലെ അരിക്കച്ചവടക്കാരന്‍
താനൂര്‍ ടൗണില്‍ അരിക്കച്ചവടം നടത്തുകയായിരുന്നു കുഞ്ഞിക്കാദര്‍. സാമ്പത്തികമായി നല്ലനിലയിലുമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍ കച്ചവടം പൂര്‍ണമായി പങ്കാളിയായിരുന്ന അബ്ദുല്‍ഖാദര്‍കുട്ടിയെ ഏല്‍പ്പിച്ചു. താനൂരിന് പുറത്ത് നടന്നിരുന്ന മുഴുവന്‍ ഖിലാഫത്ത് കമ്മിറ്റിയോഗങ്ങളിലും പ്രതിനിധിയായി പങ്കെടുത്തിരുന്നത് കുഞ്ഞിക്കാദറായിരുന്നു. താനൂരിലെ കമ്മിറ്റിയില്‍ മറ്റുഭാരവാഹികളെക്കാള്‍ കൂടുതല്‍ അധികാരവും കുഞ്ഞിക്കാദറിന് അനുവദിക്കപ്പെട്ടിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളുടേയും നടത്തിപ്പുകാരനും കേസന്വേഷണങ്ങള്‍ക്ക് അധികാരമുള്ളയാളുമായി നിറഞ്ഞ് പ്രവര്‍ത്തിച്ചു. ഒറ്റവാക്കില്‍പറഞ്ഞാല്‍ താനൂരിലെ ഖിലാഫത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിനായിരുന്നു.(മലബാര്‍ കലാപം 1921)
പോലിസിനെയോ പട്ടാളത്തെയോ കൂസാതെ
കുഞ്ഞിക്കാദറിന്റെ ധീരതയെ സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങളെ പഴയ തലമുറ പകര്‍ന്ന് നല്‍കിയിട്ടുണ്ട്. അദ്ദേഹം സാധരണക്കാരെ പോലെ പോലിസിനേയോ പട്ടാളത്തേയോ ഭയപ്പെട്ടിരുന്നില്ല. ആരുടെ മുമ്പിലും നെഞ്ചും വിരിച്ച് കാര്യങ്ങള്‍ പറയുമായിരുന്നു. താനൂര്‍ കടപ്പുറത്തെ പുറം പോക്ക് ഭൂമിയില്‍ പരിസരവാസികള്‍ തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചതിനെ ബ്രിട്ടീഷുകാര്‍ ചോദ്യം ചെയ്തു. തൈകള്‍ പറിച്ചൊഴിവാക്കാനും കല്‍പ്പന വന്നു. ഇതിനെതിരെയാണ് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തില്‍ ആദ്യത്തെ നിയമലംഘന സമരം നടന്നത്.
അസിസ്റ്റന്റ് പോലിസ് സൂപ്രണ്ടായിരുന്ന ആമുസാഹിബ് തന്നെ പ്രദേശത്തെത്തി. ഭൂമി പരിശോധിച്ച് അനധികൃതമായാണ് തൈകള്‍വച്ച് പിടിപ്പിച്ചിരിക്കുന്നതെന്ന് വിധിയെഴുതി. അവ ഒഴിവാക്കിയില്ലെങ്കിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അയാള്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ ആരും തൈകള്‍ ഒഴിവാക്കാന്‍ തയ്യാറായില്ല. അതായിരുന്നു കുഞ്ഞിക്കാദറിന്റേയും ഖിലാഫത്ത് കമ്മിറ്റിക്കാരുടേയും നിര്‍ദേശം. അത് അവര്‍ അനുസരിച്ചു.
അദ്ദേഹത്തിന്റെ പിന്‍ബലവും നേതൃത്വവും ഖിലാഫത്ത് വണ്ടിയര്‍മാരെയും നാട്ടുകാരെയും ആവേശംകൊള്ളിക്കുന്നതരത്തിലായിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥന്‍മാര്‍ തന്നെ നേരിട്ടെത്തി തൈകള്‍ പറിപ്പിക്കാന്‍ ആളെക്കൂട്ടി. എന്നാല്‍ ഒരാളെപോലും കൂലിക്ക് പണിയെടുപ്പിക്കാന്‍ അവര്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ റവന്യൂ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു കുഞ്ഞിക്കാദര്‍. പ്രശ്‌നത്തിന് ഒരുപോംവഴിയും അദ്ദേഹം നിര്‍ദേശിച്ചു. കൈയേറിയ സ്ഥലത്തിന് നികുതി നല്‍കാം എന്നതായിരുന്നു ആ നിര്‍ദേശം. അങ്ങനെയൊരു കരാറുണ്ടാക്കിയാണ് പോംവഴി കണ്ടെത്തിയത്.
നിരോധനത്തിന് പുല്ലുവില
1920 ല്‍ താനൂര്‍ കടപ്പുറത്ത് ഖിലാഫത്ത് കമ്മിറ്റിയോഗം ചേരാന്‍ തീരുമാനിച്ചു. മദിരാശിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന യഅ്ക്കൂബ് ഹസനും കെ പി കേശവമേനോനും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നു. നേതാക്കളുടെ ഉറപ്പ് കിട്ടിയപ്പോള്‍ കുഞ്ഞിക്കാദര്‍ പ്രചാരണത്തിലേക്കിറങ്ങി. കെ മാധവന്‍ നായരുടേയും യു ഗോപാലമേനോന്റേയും പിന്തുണയും മുന്നോട്ടുനീങ്ങാന്‍ പ്രേരണയായി. സെക്രട്ടറി പരീക്കുട്ടി മുസ്‌ലിയാരുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്ക് വേണ്ട ഉപദേശവും നല്‍കി. രാവും പകലും ഭേദമില്ലാതെ അദ്ദേഹം പ്രചാരണത്തില്‍ മുഴകി. എന്നാല്‍, ജനരോഷം ഭയന്ന് ബ്രിട്ടീഷുകാര്‍ ആ യോഗം നിരോധിച്ചു. നിരോധന വിവരം പോലിസ് ഇന്‍സ്‌പെക്ടര്‍ കരുണാകരമേനോന്‍ താനൂരിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് ചെറുകോയ തങ്ങളെയാണ് ആദ്യം അറിയിച്ചത്. എന്നാല്‍, അതൊക്കെ കുഞ്ഞിക്കാദറിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്‍സ്‌പെക്ടര്‍ കുഞ്ഞിക്കാദറിനരികിലെത്തി ഇതേ കാര്യം ആവര്‍ത്തിച്ചു. അപ്പോള്‍ നിരോധന ഉത്തരവ് കാണിക്കാനായിരുന്നു കുഞ്ഞിക്കാദര്‍ ആവശ്യപ്പെട്ടത്. അതിന് ഇന്‍സ്‌പെക്ടര്‍ ഒരുക്കമായില്ല. അപ്പോള്‍ പിന്‍മാറുമെന്ന് ഇന്‍സ്‌പെക്ടറും കരുതണ്ട- കുഞ്ഞിക്കാദര്‍ തറപ്പിച്ച് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ഇളിഭ്യനായി മടങ്ങി.
ഇതേതുടര്‍ന്ന് കെ മാധവന്‍ നായരേയും യു ഗോപാലമേനോനേയും കുഞ്ഞിക്കാദറിനേയും പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് വച്ചായിരുന്നു അറസ്റ്റ്. അവര്‍ സമ്മേളനത്തിന്റെ ആവശ്യാര്‍ഥമെത്തിയതായിരുന്നു കോഴിക്കോട്ട്. 144 പ്രകാരമുള്ള നിരോധനാജ്ഞാ നിയമം ലംഘിച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റം. യോഗം മുടക്കാന്‍ മറ്റുമാര്‍ഗമില്ലാത്തത് കൊണ്ട് ഇങ്ങനെ ചെയ്യുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.
പോലിസിനെ ഓടിച്ച ഇമ്പിച്ചി പശു
വളര്‍ത്തു മൃഗങ്ങളോട് പോലും കുഞ്ഞിക്കാദറിന് വല്ലാത്ത സ്‌നേഹമായിരുന്നു. അദ്ദേഹം വീട്ടില്‍ വളര്‍ത്തിയിരുന്ന പശുവിനിട്ട പേര് ഇമ്പിച്ചി പശുവെന്നായിരുന്നു. വളരെ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം പശുവിനെ വളര്‍ത്തിയിരുന്നത്. പശുവിന് അദ്ദേഹത്തേയും ജീവനായിരുന്നു. ഖിലാഫത്ത് കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്ന ഒരുപോലിസുകാരനെ ആ പശു ആക്രമിക്കുകയുണ്ടായി. പോലിസുകാരന്‍ തന്റെകൂടി ശത്രുവാണെന്ന് പശുവിനെക്കൂടിപഠിപ്പിച്ച് കൊടുത്തിരുന്നു കുഞ്ഞിക്കാദര്‍. അവസാനം കുഞ്ഞിക്കാദര്‍ അറസ്റ്റിലായി. പശുവിനെ നോക്കാന്‍ ആളില്ലാതായി. തന്റെ യജമാനനെ കാണാതായതിലുള്ള വിഷമം മൂലം പശു കാലങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ നിലവിളിച്ച് താനൂര്‍ ടൗണിലൂടെ ചുറ്റിനടക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്ന് ടി ഹസ്സനാര്‍ കുട്ടി തന്റെ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.
RELATED STORIES
ഇസ്രായേല് സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMTമതസ്വാതന്ത്ര്യം സംരക്ഷിക്കാന് അടിയന്തര നടപടികള് വേണമെന്ന്...
2 Jan 2025 3:17 PM GMTജയിലില്‍ കിടന്ന് മല്സരിച്ച് എംപിയായി; പാര്ട്ടി രൂപീകരണത്തിന്...
2 Jan 2025 2:40 PM GMTട്രെയിന് യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര് മോഷണത്തിനിടെ യുവാവ് പിടിയില്; അകത്ത് പെണ്കുട്ടി...
2 Jan 2025 2:10 PM GMTഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന് പാകിസ്താനിലേക്ക് കടന്ന യുവാവ്...
2 Jan 2025 1:50 PM GMT