Kerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്

തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സര്‍വകക്ഷി യോഗത്തിന്റെയും സര്‍ക്കാരിന്റെയും ഏകകണ്ഠമായ തീരുമാനമാണ് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്
X

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സര്‍വകക്ഷി യോഗത്തിന്റെയും സര്‍ക്കാരിന്റെയും ഏകകണ്ഠമായ തീരുമാനമാണ് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. അതേസമയം, കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന സര്‍വകക്ഷി യോഗതീരുമാനത്തിന്റെ പ്രമേയവും മിനിട്‌സും അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗതീരുമാനത്തിന്റെ പകര്‍പ്പോ മിനിട്‌സിന്റെ കോപ്പിയോ ഹാജരാക്കിയിരുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം തെളിയിക്കുന്ന രേഖകള്‍കൂടി ഹാജരാക്കിയാല്‍ മാത്രമേ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും കഴിയുകയുള്ളൂവെന്നാണു കമ്മീഷന്റെ നിലപാട്. പ്രത്യേക സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ആഗസ്ത് 21നു ചീഫ് സെക്രട്ടറി കത്തുനല്‍കിയിരുന്ന കാര്യവും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏപ്രിലില്‍ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് നാലോ അഞ്ചോ മാസം മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം മാത്രമാണുള്ളത്. കുറഞ്ഞ കാലയളവിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല, ഇത് വലിയ ചെലവുണ്ടാക്കുകയും ചെയ്യും. സര്‍വകക്ഷിയോഗത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന ഏകകണ്ഠമായ അഭിപ്രായമാണുണ്ടായത്. ഇതിനോട് സര്‍ക്കാര്‍ യോജിക്കുന്നുവെന്നും ചീഫ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കൊവിഡ് ഭീതിയുടെ സാഹചര്യം കത്തില്‍ അവസാനഭാഗത്ത് മാത്രമാണ് സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it