Kerala

പ്രളയഭീതിയില്‍ കുട്ടനാട്; ചാലക്കുടി, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത

പ്രളയഭീതിയില്‍ കുട്ടനാട്; ചാലക്കുടി, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത
X

തൃശൂര്‍: സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നതോടെ പല പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ജാഗ്രതയുടെ ഭാഗമായി തീരത്ത് താമസിക്കുന്നവരെ ഇന്നലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പമ്പ ഡാം കൂടി തുറന്നതോടെ കൂടുതല്‍ വീടുകളില്‍ വെള്ളം കയറുമെന്നാണ് ആശങ്ക. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ചാലക്കുടി പുഴ കരകവിയുമെന്ന് ആശങ്കയുണ്ട്. പറമ്പിക്കുളം, ഷോളയാര്‍ ഡാമുകളില്‍നിന്നുള്ള ജലമെത്തുന്നതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ചാലക്കുടിപ്പുഴയില്‍ വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്.

ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. സമീപദേശത്തുകാരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയില്‍ കഴിഞ്ഞ ദിവസം മഴ വിട്ടുനിന്നത് ആശ്വാസമായി. പറമ്പിക്കുളം ഡാമില്‍നിന്ന് 6,000 ഘനയടി വെള്ളവും ഷോളയാര്‍ ഡാമില്‍ നിന്ന് 865 ഘനയടി വെള്ളവുമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. പുഴയിലെ ജലനിരപ്പ് എട്ടുമീറ്ററിന് മുകളില്‍ എത്തിയാല്‍ പുഴ കരകവിഞ്ഞ് ഒഴുകും.

ചാലക്കുടി പുഴയുടെ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളം കയറാന്‍ സാധ്യത ഉള്ള ഇടങ്ങളില്‍നിന്ന് മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ചാലക്കുടി പുഴ കരകവിഞ്ഞാല്‍ അതിരപ്പിള്ളി, മേലൂര്‍, കുഴൂര്‍, പൊയ്യ, പരിയാരം, അന്നമനട, കറുകുറ്റി പ്രദേശങ്ങളിലും വെള്ളം കയറും.

നേരത്തെ ചിമ്മിനി ഡാം തുറന്നതോടെ കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഡാം അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ജില്ല സുസജ്ജമാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

Next Story

RELATED STORIES

Share it