Kerala

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുന്നു: ഇ ടി മുമ്മദ് ബഷീര്‍ എംപി

ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുന്നു: ഇ ടി മുമ്മദ് ബഷീര്‍ എംപി
X

കൊച്ചി: ജനവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ നടപടികളിലൂടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെയും അദ്ദേഹത്തിന് പിന്‍ബലമേകുന്ന കേന്ദ്ര സര്‍ക്കാറിന്റെയും തെറ്റായ നയങ്ങള്‍ തിരുത്തിക്കുന്നത് വരെ മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശിയ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിന്റെ ഭാഗമായി, കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ നടപടികളിലൂടെ ദ്വീപിനെ സംഘര്‍ഷഭരിതമാക്കാനാണ് അഡ്മിനിസ്ട്രേറ്ററുടെ ശ്രമം.കിരാത നടപടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പോലും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഭൂമിയുടെ പാട്ടത്തുക കുറയ്ക്കുന്നതിലൂടെ ദ്വീപിലേക്ക് കുത്തകകളെ ക്ഷണിച്ചു വരുത്താനാണ് ശ്രമം.

പഞ്ചായത്ത് രാജ് സംവിധാനം ഇല്ലാതാക്കല്‍, ബീഫ് നിരോധനം, ജനാധിപത്യ വ്യവസ്ഥിതിക്ക് മുകളില്‍ ഉദ്യോഗസ്ഥ പരമാധികാരം സ്ഥാപിക്കല്‍, നിരപരാധികളായ മത്സ്യ തൊഴിലാളികള്‍ക്കെതിരെയുള്ള കേസുകള്‍ തുടങ്ങിയവയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ നയങ്ങള്‍ നടപ്പിലാക്കാണ് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത്. എയര്‍ ആംബുലന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാനും, ബംഗാര ദ്വീപ് അടക്കം സ്വകാര്യവത്കരിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ ഇവ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുവാന്‍ ഇടവരുത്തും. ദ്വീപ് ജനതക്കൊപ്പം നില്‍ക്കേണ്ടത് നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഈ ധര്‍മ സമരത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കാനാണ് അഡ്മിനിസ്ട്രേറ്ററുടെ ശ്രമമമെന്നും, കൊവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുന്നതോടെ ഇതിനെതിരെ മുസ്ലിംലീഗ് ശക്തമായ സമര പരിപാടികളുമായി രംഗത്തുണ്ടാവുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പിഎംഎ സലാം പറഞ്ഞു. മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ്, ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരും സമരത്തില്‍ പങ്കാളികളായി. ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശിയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പിഎംഎ സലാം എന്നിവര്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it