Kerala

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാധ്യമ മാരണനിയമം മൗലികാവകാശങ്ങളുടെ ലംഘനം: രമേശ് ചെന്നിത്തല

ആര്‍ക്കും പരാതിയില്ലങ്കിലും പോലിസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നതുകൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാധ്യമ മാരണനിയമം മൗലികാവകാശങ്ങളുടെ ലംഘനം: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പോലിസ് ആക്ടില്‍ ഭേദഗതി വരുത്തി 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്തത്.

ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആര്‍ക്കും പരാതിയില്ലങ്കിലും പോലിസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നതുകൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും. സിപിഎമ്മിനും ഇടതുസര്‍ക്കാരിനുമെതിരേ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവരെയും സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരേ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും നിശബ്ദരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് വ്യക്തമാവുന്നു.

വളരെയേറെ അവ്യക്തതകളുള്ള ഒരു നിയമഭേദഗതിയാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഭിപ്രായപ്രകടനങ്ങളോ വാര്‍ത്തകളോ വ്യക്തിഹത്യയാണെന്ന് പോലിസിന് തോന്നിയാല്‍ കേസെടുക്കാമെന്നാണ് പറയുന്നത്. ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായപ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പോലിസ് എങ്ങനെ തിരുമാനിക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിനെതിരേ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം.

അപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള സിപിഎം സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും വിമര്‍ശിച്ചാല്‍ ജയിലിലടക്കമെന്നമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് വ്യക്തമാവുന്നു. നിയമപരമായി നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ഓര്‍ഡിന്‍സ് കൊണ്ടുവന്നതുതന്നെ വരാന്‍ പോവുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുകയെന്നലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ്. മാധ്യമങ്ങളെയും സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തെയും ഭീഷണിപ്പെടുത്തി നിലയ്ക്കുനിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Next Story

RELATED STORIES

Share it