Kerala

ലോക്ക് ഡൗൺ ലംഘനം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതി

ലോക്ക് ഡൗൺ നിലനിൽക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ യാത്ര വിവാദത്തിലായതിന് പിന്നാലെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആർ സജിലാലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

ലോക്ക് ഡൗൺ ലംഘനം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതി
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ലോക്ക് ഡൗൺ നിലനിൽക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ യാത്ര വിവാദത്തിലായതിന് പിന്നാലെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആർ സജിലാലാണ് പരാതി നൽകിയത്. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ലോക്ക് ഡൗൺ ലംഘിച്ചുള്ള കെ സുരേന്ദ്രന്റെ യാത്ര. ഡിജിപിയുടെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യാത്ര ചെയ്തതെന്നും നടപടി വേണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, സേവാഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.

ഇതോടെയാണ് സംഭവം പോലിസിന്റെ ശ്രദ്ധയില്‍പെട്ടത്. ലോക്ക്ഡൗണ്‍ കാലയളവില്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നിരിക്കെ ഇതെല്ലാം അട്ടിമറിച്ച് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ യാത്ര ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍.

ഡിജിപിയുടെ അറിവോടെ എസ്പി നല്‍കിയ അനുമതി പ്രകാരമാണ് യാത്രയെന്നാണ് സുരേന്ദ്രന്റെ ആവകാശവാദം. എന്നാല്‍, സുരേന്ദ്രന്റെ വാദം ഉന്നത പോലിസുദ്യോഗസ്ഥരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കൊവിഡ് ബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പോലിസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പാലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പോലിസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നിര്‍ദേശം ബിജെപി അധ്യക്ഷന്‍ തന്നെ മറികടന്നതിനെതിരെയും വിമര്‍ശനമുയരുകയാണ്.

Next Story

RELATED STORIES

Share it