Kerala

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര

കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന്റെ വൈദ്യരംഗത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. കേരളത്തില്‍ നിന്നും പരിചയസമ്പന്നരായ 50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയും താത്ക്കാലികമായി വിട്ടു നല്‍കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി പി ലഹാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കത്തയച്ചു.

കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന്റെ വൈദ്യരംഗത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ പൊതു സ്വകാര്യ മേഖലയിലായി ഒന്നര ലക്ഷത്തോളം നഴ്‌സുമാരാണുള്ളത്. എന്നാല്‍ മുംബൈയിലും പൂനെയിലും കൊവിഡ് പ്രതിരോധത്തിന് ആവശ്യമുള്ളത്ര ആരോഗ്യപ്രവര്‍ത്തകരില്ലെന്നതാണ് മഹാരാഷ്ട്രയെ പ്രതിരോധത്തിലാക്കുന്നത്.

മറ്റു ജില്ലകളെ അപേക്ഷിച്ച് മുംബൈയിലും പൂനയിലും കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈയില്‍ കൊവിഡ് നിയന്ത്രണത്തിനായി തുടങ്ങാനിരിക്കുന്ന 600 ബെഡുള്ള ആശുപത്രിയിലേക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. 125 കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗവും ആശുപത്രിയില്‍ സജ്ജീകരിക്കുന്നുണ്ട്.

എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80000 രൂപയും എം.ഡി/എം.എസ് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയും ശമ്പളമായി നല്‍കും. നേഴ്‌സുമാര്‍ക്ക് 30,000 രൂപയാണ് ശമ്പളമായി നല്‍കുകയെന്നാണ് മഹാരാഷ്ട്ര കത്തില്‍ അറിയിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it