Kerala

മലപ്പുറം ജില്ലയില്‍ മാംസ വില പുതുക്കി നിശ്ചയിച്ചു

ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

മലപ്പുറം ജില്ലയില്‍ മാംസ വില പുതുക്കി നിശ്ചയിച്ചു
X

മലപ്പുറം: ജില്ലയില്‍ പത്തുദിവസത്തേക്ക് മാംസവില പുതുക്കി നിശ്ചയിച്ചു. കോഴി, പോത്ത് എന്നിവയുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. ബ്രോയിലര്‍ ലൈവ് കോഴിക്ക് ജില്ലയില്‍ ഒരു കിലോഗ്രാമിന് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും പോത്ത്, കാള ഇറച്ചിക്ക് പരമാവധി ഒരു കിലോഗ്രാമിന് 280 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയിലെ പലയിടങ്ങളിലും ഇറച്ചിക്ക് അമിതവിലയും വ്യത്യസ്തവിലയും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിലനിയന്ത്രണത്തിനായി നടപടി സ്വീകരിച്ചത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍നിന്ന് കോഴി വരവ് കുറഞ്ഞതും കാലിച്ചന്തകളില്ലാത്തതും കോഴി ഫാമിലേക്കാവശ്യമായ തീറ്റയും മറ്റു വസ്തുക്കളും ലഭിക്കാത്തതുമാണ് വില വര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ജില്ലയില്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഇറച്ചിക്ക് വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്കോ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ പരാതി നല്‍കണമെന്നും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും എ.ഡി.എം അറിയിച്ചു. തിരൂരങ്ങാടി( 9188527392), പൊന്നാനി( 9188527393),നിലമ്പൂര്‍ (9188527394), കൊണ്ടോട്ടി ( 9188527395), ഏറനാട് (9188527396), തിരൂര്‍ (9188527397), പെരിന്തല്‍മണ്ണ (9188527398) തുടങ്ങിയ താലൂക്ക് സപ്ലൈ ഓഫിസുകളിലെ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.

Next Story

RELATED STORIES

Share it