Kerala

കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി; മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് ഹോട്ടല്‍ തൊഴിലാളി ജീവനൊടുക്കി

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടുമാസമായി ഹോട്ടല്‍ തുറന്നിരുന്നില്ല. പാഴ്‌സല്‍ നല്‍കാന്‍ ആരംഭിച്ചെങ്കിലും സപ്ലയറായ രാജുവിന് ജോലിയുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജു.

കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി; മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് ഹോട്ടല്‍ തൊഴിലാളി ജീവനൊടുക്കി
X

കോട്ടയം: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് ഹോട്ടല്‍ തൊഴിലാളി ജീവനൊടുക്കി. കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടില്‍ രാജു ദേവസ്യ(55)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുവര്‍ഷമായി മുട്ടുചിറയിലെ ഹോട്ടലില്‍ സപ്ലെയറായി ജോലിചെയ്തുവരികയായിരുന്നു രാജു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടുമാസമായി ഹോട്ടല്‍ തുറന്നിരുന്നില്ല. പാഴ്‌സല്‍ നല്‍കാന്‍ ആരംഭിച്ചെങ്കിലും സപ്ലയറായ രാജുവിന് ജോലിയുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജു.

ജോലിയില്ലാത്തതിനാല്‍ അതീവദു:ഖിതനുമായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മുതല്‍ ഹോട്ടലുകള്‍ തുറക്കുമെന്നും തനിക്ക് വീണ്ടും ജോലി ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, ഹോട്ടല്‍ തിങ്കളാഴ്ച തുറന്നെങ്കിലും കാര്യമായ കച്ചവടമുണ്ടായില്ല. ഈ സാഹചര്യത്തില്‍ പാഴ്‌സല്‍തന്നെ നല്‍കാന്‍ ഹോട്ടല്‍ ഉടമ തീരുമാനിച്ചു. ഇതെത്തുടര്‍ന്ന് രാജു അടക്കമുള്ളവര്‍ക്ക് ജോലിയുണ്ടാവില്ലെന്ന സൂചന ലഭിക്കുകയും ചെയ്തു. വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള തറവാട്ടുവീട്ടില്‍ അമ്മയെ കാണാനാണ് രാജു എത്തിയത്. അമ്മയെ കണ്ടശേഷം രാജുവിനെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു.

രാത്രി പത്തരയായിട്ടും രാജുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തറവാട്ടുവീട്ടിലെ മുറിയില്‍ രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തെ ലോക്ക് ഡൗണ്‍ ചതിച്ചുസാറേ... ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ല... ജീവിതംതന്നെ വഴിമുട്ടിയിരിക്കുകയാണ്... കുടുംബം പോറ്റാന്‍ നിവൃത്തിയില്ലാതെ ഞാന്‍ ആത്മഹത്യ ചെയ്യുന്നു.... എന്ന് കത്തെഴുതിവച്ചശേഷമാണ് രാജു ജീവനൊടുക്കിയത്. ഭാര്യ: ഷീല. മൂത്ത മകള്‍ എയ്ഞ്ചല്‍ എട്ടാംക്ലാസിലും രണ്ടാമത്തെ മകന്‍ ഇമ്മാനുവല്‍ നാലാംക്ലാസിലുമാണ് പഠിക്കുന്നത്.

Next Story

RELATED STORIES

Share it