Kerala

എം.ബി.എ പ്രവേശന പരീക്ഷ അടിമുടി മാറും

കെമാറ്റിന്റെ നടത്തിപ്പ് ചുമതല സർക്കാർ പ്രവേശന പരീക്ഷ കമ്മിഷണറെ ഏൽപ്പിച്ചു.

എം.ബി.എ പ്രവേശന പരീക്ഷ അടിമുടി മാറും
X

തിരുവനന്തപുരം:സംസ്ഥാനത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റിന്റെ നടത്തിപ്പ് ചുമതല സർക്കാർ പ്രവേശന പരീക്ഷ കമ്മിഷണറെ ഏൽപ്പിച്ചു. ഇതുവരെ പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിറ്റിക്കായിരുന്നു ചുമതല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശന മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ വിവിധ സർവകലാശാലകളാണ് കെമാറ്റ് പരീക്ഷ നടത്തിയിരുന്നത്. വർഷം രണ്ട് പരീക്ഷയാണ് എം.ബി.എ പ്രവേശനത്തിനായി സംസ്ഥാനത്ത് നടത്തുന്നത്. പ്രവേശന പരീക്ഷയിൽ 15 മാർക്ക് എങ്കിലും നേടാത്തവരെ അയോഗ്യരാക്കുകയാണ് കമ്മിറ്റി മുൻകാലങ്ങളിൽ ചെയ്തിരുന്നത്. ഇത് സംസ്ഥാനത്തെ മാനേജ്‌മെന്റ് കോളേജുകളിൽ എം.ബി.എ കോഴ്‌സിന് വലിയ തോതിൽ സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായിരുന്നു.പരീക്ഷയുടെ മിനിമം മാർക്ക് വിഷയത്തിൽ കമ്മിറ്റിയും മാനേജ്‌മെന്റുകളുമായി തർക്കത്തിനും ഇത് കാരണമായിരുന്നു. പ്രവേശന പരീക്ഷ നടത്തുന്നത് പ്രവേശന കമ്മിഷണറുടെ ഉത്തരവാദിത്വമാണെന്ന് സർക്കാർ അവസാന നിലപാട് എടുത്തതോടെയാണ് ചുമതല കമ്മിഷണറുടെ പക്കലേക്ക് എത്തുകയായിരുന്നു.

2020 മെയ് അവസാന വാരമാണ് ഇനി അടുത്ത പ്രവേശന പരീക്ഷ നടത്തുക. ഓൺലൈൻ രീതിയിലായിരിക്കും പരീക്ഷ. പ്രവേശന പരീക്ഷ കമ്മിഷണറുടെ മേൽനോട്ടത്തിൽ നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം മാർച്ചിൽ ഇറങ്ങിയേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Next Story

RELATED STORIES

Share it