Kerala

മലബാറിലെ റെയില്‍വേ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ മെമു വരുന്നു

അടുത്ത മാര്‍ച്ച മാസത്തോടെ പാലക്കാട്ടു നിന്നു മലബാറിലേക്ക് മെമു സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

മലബാറിലെ റെയില്‍വേ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ മെമു വരുന്നു
X

കോഴിക്കോട്: മലബാറിലെ തീവണ്ടി യാത്രാദുരിതത്തിന് പരിഹാരമായി മെമു(മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) സര്‍വീസ് ഉടനെത്തും. അടുത്ത മാര്‍ച്ച മാസത്തോടെ പാലക്കാട്ടു നിന്നു മലബാറിലേക്ക് മെമു സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമായി രാവിലേയും വൈകീട്ടും തീവണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയിലുളളത്.

നിലവില്‍ കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ആശ്രയം. ഈ ട്രെയിനുകളിലാകട്ടെ മതിയായ ബോഗികളുമില്ല. തിരക്ക് ഒഴിവാക്കാന്‍ ഹ്രസ്വ മധ്യ ദൂര റൂട്ടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ ട്രെയിനുകള്‍ വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുളള ആവശ്യമാണ്. ഇതിന് പരിഹാരമായാണ് മലബാറിലേക്ക് മെമു സര്‍വീസ് വരുന്നത്. 14 കോടിയോളം രൂപ ചെലവിട്ട് പാലക്കാട്ട് മെമു ഷെഡ് നിര്‍മ്മാണം നടക്കുകയാണ്.

ഇത് പൂര്‍ത്തിയാകുന്നതോടെ മെമു ഓടിക്കാനുളള അടിസ്ഥാന സൗകര്യം പാലക്കാട് നിന്നുണ്ടാകും. ത്രീഫേസ് മെമുവായിരിക്കും മലബാറില്‍ ഓടുക. ആയിരത്തോളം ആളുകള്‍ക്ക് യാത്ര ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിസ്താരമുള്ള എട്ട് ബോഗികളാണ് ത്രീഫേസ് മെമുവില്‍ ഉണ്ടാവുക.

മലബാറിലെ പാസഞ്ചര്‍ തീവണ്ടി സര്‍വ്വീസുകള്‍ മെമു സര്‍വീസാക്കും. നിലവില്‍ കൊല്ലം-എറണാകുളം-പാലക്കാട്, കൊല്ലം -തിരുവനന്തപുരം-നാഗോര്‍കോവില്‍ റൂട്ടുകളിലാണ് മെമു സര്‍വീസ് ഉളളത്. കൊല്ലത്തു നിന്നാണ് ഇതിന്റെ പ്രവര്‍ത്തനവും നിയന്ത്രണവും.

Next Story

RELATED STORIES

Share it