Kerala

17 സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലും റേഷന്‍

അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ എഎവൈ, പിഎച്ച്എച്ച് കാര്‍ഡ് ഉണ്ടെങ്കില്‍ ബയോമെട്രിക് സംവിധാനത്തില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ പ്രകാരമാണ് റേഷന്‍ കൈപ്പറ്റേണ്ടത്.

17 സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലും റേഷന്‍
X

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ കൈപ്പറ്റാം. നേരത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ സൗകര്യം ഒരുക്കിയിരുന്നു. അതിനു പിന്നാലെയാണ് അതിഥി തൊഴിലാളികള്‍ക്ക് കേരളത്തില്‍ റേഷന്‍ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ദാമന്‍ ആന്റ് ഡ്യൂ, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ത്രിപുര, ദാദ്ര നഗര്‍ഹവേലി എന്നിവിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്കാണ് ഇനി മുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നിന്നാണ് മലയാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ കഴിയുക. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ത്രിപുര, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് റേഷന്‍ വാങ്ങാനവസരം. അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ എഎവൈ, പിഎച്ച്എച്ച് കാര്‍ഡ് ഉണ്ടെങ്കില്‍ ബയോമെട്രിക് സംവിധാനത്തില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ പ്രകാരമാണ് റേഷന്‍ കൈപ്പറ്റേണ്ടത്. ഐഎംഡിപിസ് (ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബൂഷന്‍ സിസ്റ്റം) പ്രകാരം അന്തര്‍സംസ്ഥാന പോര്‍ട്ടബിള്‍ സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണിത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പഞ്ചായത്ത്/നഗരസഭ അധ്യക്ഷന്‍മാര്‍, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ മുഖേന അതത് പഞ്ചായത്ത്/നഗരസഭകള്‍ക്ക് കീഴിലുള്ള അതിഥി സംസ്ഥാന തൊഴിലാളികളെ വിവരം അറിയിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മലയാളികള്‍ക്ക് ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തേ റേഷന്‍ വാങ്ങാമായിരുന്നു. ഇതിനോടൊപ്പമാണ് പതിനൊന്ന് സംസ്ഥാനങ്ങളെക്കൂടി കേന്ദ്രം ഉള്‍പ്പെടുത്തിയത്. ഈ 15 സംസ്ഥാനങ്ങള്‍ക്കു പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര-നാഗര്‍ ഹവേലി ആന്‍ഡ് ദാമന്‍-ദിയുവില്‍ നിന്നും മലയാളികള്‍ക്ക് ഇനി റേഷന്‍വാങ്ങാം.

Next Story

RELATED STORIES

Share it