Kerala

ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാന്‍ 455 കോടിയുടെ വായ്പാ സഹായ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ചു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാന്‍ 455 കോടിയുടെ വായ്പാ സഹായ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
X
തൃശൂര്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരില്‍ നടപ്പാക്കുന്ന രണ്ട് വിഭാഗങ്ങളില്‍പ്പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും ടൂറിസം വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവില്‍ നിര്‍മ്മിച്ച മുസിരിസ് വിസിറ്റേഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ചു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ്‌സിഡിയായി നല്‍കും. രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ്. ഇവര്‍ക്ക് ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ ഒമ്പത് ശതമാനം നിരക്കില്‍ വായ്പ അനുവദിക്കും. ഈ പലിശയില്‍ മൂന്നു ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികള്‍ അടച്ചാല്‍ മതി. ആറു ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. കൃത്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി നടപ്പിലാക്കിയാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാം.

പൈതൃക ടൂറിസം എന്നത് കേവലം ചരിത്രപ്രദര്‍ശനം മാത്രമല്ല ഒരു നാടിന്റെ സംസ്‌കാരം കൂടിയാണ്. കേരളത്തിലെ ചരിത്രമുറങ്ങുന്ന കേന്ദ്രങ്ങളെ സംരക്ഷിച്ച് അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിവിധ പദ്ധതികള്‍ക്കായി 112 കോടി രൂപയാണ് മുസിരിസ് പൈതൃക പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ പൈതൃക സംരക്ഷണ പദ്ധതിയായി മുസിരിസ് പദ്ധതി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് പദ്ധതിയെക്കുറിച്ച് പൂര്‍ണവിവരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് നിര്‍മ്മിച്ചതാണ് മുസിരിസ് വിസിറ്റേഴ്‌സ് സെന്റര്‍. കൊടുങ്ങല്ലൂര്‍ നഗരസഭ കൈമാറിയ മൂന്ന് ഏക്കര്‍ സ്ഥലത്ത് രണ്ടു നിലകളിലായി മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സെന്ററില്‍ ഒരു മ്യൂസിയവും ഉടന്‍ ആരംഭിക്കും.

അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ രേഖ സല്‍പ്രകാശ്, പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്‍സി ഡോ ബെന്നി കുര്യാക്കോസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it