- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം: 33 കോടിയുടെ എമര്‍ജന്‍സി, ട്രോമാ കെയര്‍
അത്യാഹിതങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടുവരുന്നവര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ ഇതിലൂടെ പരിഹാരമാകുന്നതാണ്.
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം 19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
മെഡിക്കല്‍ കോളജിന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. അത്യാഹിതങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടുവരുന്നവര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ ഇതിലൂടെ പരിഹാരമാകുന്നതാണ്. എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടയാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്ററും സജ്ജമാക്കുന്നതായി മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. പഴയ സങ്കല്‍പങ്ങളൊക്കെ മാറ്റിയാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. വളരെയധികം വിഷമത്തോടെയാണ് ഓരോരുത്തരും അത്യാഹിത വിഭാഗത്തിലെത്തുക. അവര്‍ക്ക് മനസിന് ആശ്വാസം പകരുന്ന തരത്തിലാണ് അത്യാഹിത വിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിന് മുന്‍വശമുള്ള സ്ഥലം മനോഹരമായി ലാന്റ്‌സ്‌കേപ്പിംഗ് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയാണ് 3 ലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്ക്കരണം നടത്തിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സംഭാവനയാണ്.
ഒരു രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചാലുടനെ അത്യാഹിതത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ ഉറപ്പിക്കാനാണ് അത്യാധുനിക ട്രയാജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകള്‍ തിരിച്ചാണ് ചികിത്സ ഉറപ്പിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ റെഡ് സോണിലേക്കും ഗുരുതരമായിട്ടുള്ളത് യെല്ലോ സോണിലേക്കും അത്ര വലിയ പ്രശ്‌നമില്ലാത്ത രോഗികളെ ഗ്രീന്‍ സോണിലേക്കും വിടുന്നു. റെഡ് സോണിലയ്ക്കുന്നവരെ അടിയന്തര പരിശോധന നടത്തി പ്രാഥമിക എയര്‍വേ, ബ്രീത്തംഗ്, സര്‍ക്കുലേഷന്‍ എന്നിവ ഉറപ്പ് വരുത്തി ഐ.സി.യു.വിലേക്കോ ഓപ്പറേഷന്‍ തീയറ്ററിലേക്കോ വാര്‍ഡിലേക്കോ മാറ്റുന്നു. എന്താണ് രോഗിയുടെ അവസ്ഥയെന്നറിഞ്ഞ് അടിയന്തര ചികിത്സ ഉറപ്പു വരുത്തി ട്രീറ്റ്‌മെന്റ് പ്ലാനുണ്ടാക്കിയാണ് ഓരോ സോണിലേയും രോഗിയെ മാറ്റുന്നത്. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 62 രോഗികളെയും ഗ്രീന്‍ സോണില്‍ 12 രോഗികളേയും ഒരേ സമയം ചികിത്സിക്കാനാവും. അപകടാവസ്ഥ മാറിയശേഷം തുടര്‍ന്നുളള ചികിത്സയ്ക്ക് അതാത് ചികിത്സാവിഭാഗങ്ങള്‍ രോഗിയുടെ പരിചരണം ഏറ്റെടുക്കുന്നതാണ്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 9 മെഡിക്കല്‍ തീവ്രപരിചരണ കിടക്കകളും 8 സര്‍ജിക്കല്‍ തീവ്രപരിചരണ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിന്റെ പോരായ്മ പലപ്പോഴും ചികിത്സയ്ക്ക് കാലതാമസമെടുക്കാറുണ്ട്. ഇത് മനസിലാക്കി ഇവയെല്ലാം ഏകോപിച്ചൊരു ചികിത്സാ സമ്പ്രദായം ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മാനദണ്ഡത്തിലും ഇപ്പോഴത്തെ എമര്‍ജന്‍സി മെഡിസിന്‍ ഗൈഡ്‌ലൈനും അനുസരിച്ചാണ് എയിംസ് മാതൃകയില്‍ അത്യാധുനിക എമര്‍ജി മെഡിസിന്‍ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ട്രോമയും പല സ്ഥലങ്ങളിലുള്ള മറ്റ് എമര്‍ജന്‍സികളായ കാര്‍ഡിയാക്, സ്‌ട്രോക്ക്, ബേണ്‍സ് എന്നിവയും ഒരേക്കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഡിയോളജി സെന്റര്‍, സ്‌ട്രോക്ക് സെന്റര്‍, ട്രോമ സെന്റര്‍ എന്നിവ വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് മാത്രമായി 106 തസ്തികകളാണ് സൃഷ്ടിച്ചത്. മറ്റ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും അത്യാഹിത വിഭാഗത്തില്‍ ഓണ്‍ കോളിംഗ് ലഭ്യമാക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, ട്രോമാകെയര്‍ സംവിധാനം എന്നിവയുള്‍പ്പെട്ട സമഗ്ര ട്രോമാകെയര്‍ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ അത്യാധുനിക ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനമൊരിക്കിയിട്ടുള്ളത്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടും അലയാതെ അപകടത്തില്‍പ്പെട്ടവര്‍ക്ക് അപകടത്തിന്റെ തീവ്രതയനുസരിച്ച് വിദഗ്ധ ചികിത്സ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മുഖേന ലഭ്യമാക്കുന്നു. പുതിയ അത്യാഹിത വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ക്കുള്ള ജീവന്‍ രക്ഷാ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുളളവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. ബേസിക്ക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ ലൈഫ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കാര്‍ഡിയാക്ക് ലൈഫ് സപ്പോര്‍ട്ട്, മികച്ച സ്‌ട്രോക്ക് പരിചരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു പരിശീലനം.
ഹൃദ്രോഗവുമായി വരുന്ന രോഗികള്‍ക്ക് അല്‍പംപോലും കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കാന്‍ നിലവിലെ കാര്‍ഡിയോളജി സംവിധാനം ഉപയോഗപ്പെടുത്തി അത്യാഹിത വിഭാഗത്തോട് ബന്ധിപ്പിച്ചിട്ടുണ്ട്. കാര്‍ഡിയാക് ചികിത്സയ്ക്ക് ആവശ്യമുള്ള അത്യാധുനിക സംവിധാനങ്ങള്‍ കാര്‍ഡിയോളജി സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. ഹൃദയാഘാതവുമായി വരുന്നവര്‍ക്ക് ത്രോംബോലൈസിസ്, പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയവ ചെയ്യുവാനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്‌ട്രോക്ക് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌ട്രോക്ക് സെന്ററിനെ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരുന്നു. സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഈ സെന്ററില്‍ ഒരുക്കുന്നത്. സ്‌ട്രോക്ക് കാത്ത് ലാബ്, ഐസിയു, സിടി ആഞ്ചിയോഗ്രാം എന്നിവ സ്ഥാപിച്ചു വരുന്നു. നൂറോളജി വിഭാഗം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവുമായി സഹകരിച്ചാണ് സ്‌ട്രോക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക.
പെട്ടൊന്നൊരു അത്യാഹിതം സംഭവിച്ച് ധാരാളം പേര്‍ ഒരുമിച്ചെത്തിയാല്‍ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ സപ്പോര്‍ട്ടോടുകൂടിയ 120 കിടക്കകളാണ് ഒബ്‌സര്‍വേഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി ഡിജിറ്റല്‍ എക്‌സറേ, എം.ആര്‍.ഐ., സി.ടി. സ്‌കാന്‍, അള്‍ട്രാസൗണ്ട്, പോയിന്റ് ഓഫ് കെയര്‍ ലാബ്, ഇ.സി.ജി തുടങ്ങിയ അടിയന്തിര പരിശോധനകളെല്ലാം തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, എന്നിവയും ഒരുക്കിയിട്ടുണ്ട്.
അടിയന്തര ശസ്ത്രക്രിയയ്ക്കായി എല്ലാവിധ നൂതന സംവിധാനങ്ങളോടു കൂടിയ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സര്‍ജറി, ന്യൂറോ, ഓര്‍ത്തോ, പ്ലാസ്റ്റിക്, സെപ്റ്റിക് വിഭാഗങ്ങളിലായി ഏറ്റവും നൂതനമായ നെഗറ്റീവ് പ്രഷര്‍ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 10 കിടക്കകളോട് കൂടിയ ട്രാന്‍സിറ്റ് ഐ.സി.യു.വും 8 കിടക്കകളോട് കൂടിയ കാഷ്വാല്‍റ്റി ഐ.സി.യുവും സജ്ജമാണ്. 21 വെന്റിലേറ്റേറുകളും, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്ററുകള്‍, ഡിഫിബ്രിലേറ്ററുകള്‍, ഹൈഡ്രോളിക് ട്രോളി, മൊബൈല്‍ കിടക്കകള്‍ എന്നീ രോഗീപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പത്തും, അമ്പതും കിടക്കകള്‍ ഉളള രണ്ട് ട്രാന്‍സിറ്റ് വാര്‍ഡുകളും തയ്യാറാക്കി.
അടിയന്തര ചികിത്സ ആവശ്യമില്ലാതെ ഗ്രീന്‍ സോണ്‍ മുഖേന വരുന്ന രോഗികളെ നിരീക്ഷിക്കുന്നതിനായി ശശീതരൂര്‍ എംപി അനുവദിച്ച വിശ്രമ കേന്ദ്രം നവീകരിച്ച് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടമായി അനുവദിച്ച 58 കോടി രൂപയില്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആമ്പുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നതാണ്.
RELATED STORIES
റെയില്‍വേ മേല്‍പ്പാലത്തിന് വിട്ട് നല്കുന്ന സ്ഥലം സന്ദര്‍ശിച്ചു
16 Jan 2025 6:03 PM GMTഫാത്തിമ ഫിദയുടെ മരണം; സ്കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍...
16 Jan 2025 5:58 PM GMTഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി...
16 Jan 2025 5:53 PM GMTകഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം...
16 Jan 2025 5:51 PM GMTസിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍...
16 Jan 2025 5:46 PM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMT