Kerala

യൂനിവേഴ്‌സിറ്റി കോളജ് കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി മാറി: മുല്ലപ്പള്ളി

യൂനിവേഴ്‌സിറ്റി കോളജ് കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി മാറി: മുല്ലപ്പള്ളി
X

കല്‍പ്പറ്റ: തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജ് കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി മാറിയെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളെ കീഴടക്കിയിട്ടുള്ള മാഫിയാസംഘങ്ങളില്‍ പലരും കാംപസില്‍ നിന്നും വന്ന എസ്എഫ്‌ഐക്കാരാണെന്ന് കേരളാ പോലിസ് നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാവുന്നു. മുഖ്യമന്ത്രി പ്രശ്‌നങ്ങളെ നിസാരവല്‍കരിക്കുകയാണ്. ഒരിക്കലുമത് അംഗീകരിക്കാനാവില്ല. കുറച്ചുനാളായി നടക്കുന്നത് കൊള്ളരുതായ്മകള്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് രാജ്യം മുഴുവന്‍ അംഗീകരിച്ചിരുന്ന പിഎസ്‌സിയുടെ പേരും പ്രശസ്തിയും നഷ്ടപ്പെട്ടു. സമാന്തര പരീക്ഷയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം.

ശബരിമല വിഷയത്തില്‍ മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേര്‍ന്നത്. കുറ്റക്കാരായ പോലിസുകാരാരെന്ന് പറയാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും സാധിക്കണം. 1957ല്‍ തുടങ്ങി ഇന്ന് വരെ പരിശോധിച്ചാല്‍ കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം അരാജകത്വം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം മുഖ്യമന്ത്രി അഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്തൂറിലെ പ്രവാസി സംരഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തെ പീഡിപ്പിക്കുകയാണ്. ഓരോ ദിവസവും ഓരോന്നാണ് പറയുന്നത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ടുപോവാനുള്ള എല്ലാവിധ ചുമതലകളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it