Kerala

പിണറായി വിജയൻ നിറയെ നിഗൂഢതകൾ നിറഞ്ഞ മുഖ്യമന്ത്രി: മുല്ലപ്പള്ളി

സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി.

പിണറായി വിജയൻ നിറയെ നിഗൂഢതകൾ നിറഞ്ഞ  മുഖ്യമന്ത്രി: മുല്ലപ്പള്ളി
X

തിരുവനന്തപുരം: നിറയെ നിഗൂഢതകൾ നിറഞ്ഞ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ആരെയും ഭയപ്പെടാതെയും ആരെയും പ്രീതിപ്പെടുത്താതെയും തന്റെ കർത്തവ്യം നിർവഹിക്കുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് അദ്ദേഹം നടത്തിയത്. സ്പ്രിംഗ്ളർ വിവാദത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ട് വച്ചിട്ടുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി അവശ്യപ്പെട്ടു.

സ്പ്രിംഗ്ളർ കമ്പനി സ്വകാര്യ-വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുമ്പോൾ വ്യക്തിയുടെ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ അയാളുടെ മൗലികാവകാശത്തിൽ പെടുത്തിയാണ് സുപ്രീം കോടതി കാണുന്നത്. ഏതൊരു കരാറിൽ ഏർപ്പെടുമ്പോഴും അന്നത്തെ തീയതി കരാറിൽ രേഖപ്പെടുത്തുകയെന്നത് പ്രാഥമികമായ നടപടിക്രമമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പും അമേരിക്കൻ കമ്പനിയും തമ്മിൽ ഒപ്പുവച്ച നിർണായകമായ പർച്ചേസ് ഓർഡറിൽ ഐടി സെക്രട്ടറിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന നോൺ ഡിസ്ക്ലോസർ എഗ്രിമെന്റ് വ്യാജമാണെന്ന സംശയം കഴിഞ്ഞ രണ്ട് ദിവസമായി ഉയരുന്നുണ്ട്. മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും തെളിവ് സഹിതം ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഈ രേഖ ഒപ്പുവച്ചത് 2020 മാർച്ച് 4ന് ആണെന്ന് രേഖയിൽ സൂചിപ്പിക്കുന്നു. എന്നാൽ പിഡിഎഫിൽ ഇത് 2020 ഏപ്രിൽ 14-ന് ആണെന്നാണ് കാണിക്കുന്നത്. അതായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം നടത്തിയ ശേഷം കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ രേഖയെന്നാണ് തെളിയുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറം യെച്ചൂരിക്കും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനും ഈ കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 374 കോടി അഴിമതി നടത്തിയെന്ന് പറയപ്പെടുന്ന ലാവലിൻ അന്താരാഷ്ട്ര അഴിമതിക്കേസിൽ ഇപ്പോഴും സുപ്രീം കോടതി മുമ്പാകെ കൈയും കെട്ടി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഒരു അന്താരാഷ്ട്ര അഴിമതിക്ക് കൂട്ടു നിൽക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

Next Story

RELATED STORIES

Share it