Kerala

നഗരസഭാ അധ്യക്ഷ പദവി; ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കം തെരുവിലേയ്ക്ക്

മികച്ച വിജയം നേടിയ ആലപ്പുഴയില്‍ ഒരുതവണ മാത്രം കൗണ്‍സിലറായ സൗമ്യ രാജിനെ പാര്‍ട്ടി നഗരസഭാ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

നഗരസഭാ അധ്യക്ഷ പദവി; ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കം തെരുവിലേയ്ക്ക്
X

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുത്തതിനെച്ചൊല്ലി ആലപ്പുഴയിലെ സിപിഎമ്മിനുള്ളില്‍ ഉടലെടുത്ത തര്‍ക്കം പരസ്യപ്രതിഷേധത്തിലേയ്ക്ക്. മികച്ച വിജയം നേടിയ ആലപ്പുഴയില്‍ ഒരുതവണ മാത്രം കൗണ്‍സിലറായ സൗമ്യ രാജിനെ പാര്‍ട്ടി നഗരസഭാ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ കെ ജയമ്മയെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം നേതൃത്വത്തിനെതിരേ സ്ത്രീകള്‍ അടക്കമുള്ള ഒരുവിഭാഗം പ്രവര്‍ത്തകര്‍ ചെങ്കൊടികളുമായി തെരുവിലിറങ്ങിയത്.

ജില്ലാ സെക്രട്ടേറിയറ്റംഗം പി പി ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരേ മുദ്രാവാക്യവുമായാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ചെങ്കൊടികളുമായി നഗരമധ്യത്തില്‍ പരസ്യമായ പ്രതിഷേധപ്രകടനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയം നേടിയ ഏകസീറ്റായ ആലപ്പുഴയില്‍ തദ്ദേശതിരഞ്ഞെടുപ്പിലും സിപിഎം സ്വന്തമാക്കിയത് നല്ല വിജയമാണ്. ഇവിടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരേ മുദ്രാവാക്യങ്ങളുമായി നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ശബ്ദമുയര്‍ത്തിയത്.

ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു, കെ കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണ് എന്നടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുന്നത്. അധ്യക്ഷ പദവയിലേക്ക് കെ കെ ജയമ്മയുടേയും സൗമ്യ രാജിന്റെയും പേര് ഉയര്‍ന്ന് വന്നെങ്കിലും ഏറെ പേര്‍ക്കും താത്പര്യം കെ കെ ജയമ്മയോടായിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷയാക്കി. പ്രശ്‌നപരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ് പ്രതിഷേധം തെരുവിലെത്തിയത്.

Next Story

RELATED STORIES

Share it