Kerala

മുട്ടില്‍ മരം കൊള്ളക്കേസ്: വയനാട്ടില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

മുട്ടില്‍ മരം കൊള്ളക്കേസ്: വയനാട്ടില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍
X

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ വയനാട്ടില്‍ രണ്ടുപേരെ കൂടി അറസ്റ്റുചെയ്തു. വിവാദ ഉത്തരവിന്റെ മറവില്‍ എല്‍എ പട്ടയഭൂമിയില്‍നിന്ന് സര്‍ക്കാരിന്റെ ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയവരെയാണ് അന്വേഷണസംഘം അറസ്റ്റുചെയ്തത്. കേസിലെ 70ാം പ്രതി മുട്ടില്‍ കുട്ടമംഗലം നീലിക്കണ്ടി എടത്തറ അബ്ദുല്‍ നാസര്‍ (61), 71ാം പ്രതി അമ്പലവയല്‍ എടയ്ക്കല്‍ സ്വദേശി അബൂബക്കര്‍ (38) എന്നിവരാണ് പിടിയിലായത്.

സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് രൂക്ഷവിമര്‍ശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. കഴിഞ്ഞ രാത്രിയില്‍ ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒളിവില്‍ കഴിഞ്ഞുവന്ന ഇവരെ പിടികൂടിയത്. പൊതുമുതല്‍ നശിപ്പിക്കല്‍, മോഷണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മരം മുറി കേസിലെ മുഖ്യസൂത്രധാരന്‍ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റി, ജോസുകുട്ടി എന്നിവരെ അറസ്റ്റുചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റുചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മുട്ടില്‍ മരം മുറി വിവാദത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it