Kerala

ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് എംവിഡി; വയനാട് എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കി

ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് എംവിഡി; വയനാട് എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കി
X

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് വയനാട് എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കി. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയ്ക്കെതിരെ ഹൈകോടതിയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

വയനാട് പനമരം ടൗണില്‍ ആയിരുന്നു നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ യാത്ര. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കായിരുന്നു ആകാശ് തില്ലങ്കേരിയുടെയും അനുയായികളുടെയും യാത്ര. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു യാത്ര. മോഡിഫൈ ചെയ്ത വാഹനത്തിലുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആകാശിനൊപ്പം മറ്റ് രണ്ടുപേരും ദൃശ്യങ്ങളിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ആര്‍ടിഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം മോട്ടോര്‍ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ നിയമവിരുദ്ധ യാത്രയില്‍ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

അതേസമയം ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാന്‍ വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്.





Next Story

RELATED STORIES

Share it