Kerala

വയനാട്ടില്‍ വീണ്ടും മാവോവാദികളെത്തിയെന്ന് നാട്ടുകാര്‍

ലക്കിടിയിലെ പ്രിയദര്‍ശിനി ആദിവാസി കോളനിയില്‍ നാലംഗ സായുധസംഘമെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ എത്തിയ മാവോവാദികള്‍ അരമണിക്കൂറോളം കോളനിയില്‍ ചെലവഴിച്ചതായും ലഘുലേഖകള്‍ വിതരണം ചെയ്തതായും കോളനി നിവാസികള്‍ പോലിസിനെ അറിയിച്ചു.

വയനാട്ടില്‍ വീണ്ടും മാവോവാദികളെത്തിയെന്ന് നാട്ടുകാര്‍
X

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോവാദികളെത്തിയെന്ന് നാട്ടുകാര്‍. ലക്കിടിയിലെ പ്രിയദര്‍ശിനി ആദിവാസി കോളനിയില്‍ നാലംഗ സായുധസംഘമെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ എത്തിയ മാവോവാദികള്‍ അരമണിക്കൂറോളം കോളനിയില്‍ ചെലവഴിച്ചതായും ലഘുലേഖകള്‍ വിതരണം ചെയ്തതായും കോളനി നിവാസികള്‍ പോലിസിനെ അറിയിച്ചു. സംഘത്തില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമുണ്ടായിരുന്നു. തമിഴ് കലര്‍ന്ന മലയാളത്തിലാണ് സംഘം സംസാരിച്ചതെന്ന് കോളനി നിവാസികള്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ സുഗന്ധഗിരിക്കടുത്ത് ചെന്നായ്ക്കവലയിലെ വീട്ടില്‍കയറി മാവോവാദികള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. സായുധസംഘത്തെ കണ്ട് വീട്ടമ്മ അബോധാവസ്ഥയിലായി. സുഗന്ധഗിരി അഞ്ചാം യൂനിറ്റ് സുനിലിന്റെ ഭാര്യ സിന്ധുവിനെയാണ് മാവോവാദികള്‍ ഭീഷണിപ്പെടുത്തിയത്. ആയുധധാരികളായ ഒരു പുരുഷനും ഒരു സ്ത്രീയുമാണ് സുനിലിന്റെ വീട്ടിലെത്തിയത്. സിന്ധുവിന്റെ ഭര്‍ത്താവും ജ്യേഷ്ടത്തിയും വീട്ടില്‍നിന്നും പുറത്തേക്കുപോയ ഉടനെയാണ് ഭക്ഷണം ചോദിച്ച് മാവോവാദികള്‍ വീട്ടിലെത്തിയത്. സിന്ധുവും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് വീട് മുഴുവന്‍ അവര്‍ പരിശോധിച്ചു. തങ്ങള്‍ വന്ന വിവരം പോലിസിനെ അറിയിക്കരുതെന്നു പറഞ്ഞാണ് സിന്ധുവിനെ സംഘം ഭീഷണിപ്പെടുത്തിയത്. ഇതോടെ സിന്ധുവിന് ബോധം നശിക്കുകയും താഴെ വീഴുകയുമായിരുന്നു.

പള്ളിയില്‍ പോയി വരുന്നവരെ കണ്ടയുടന്‍ മാവോവാദികള്‍ വീട്ടില്‍ നിന്നിറങ്ങിയോടിയെന്നാണ് പരാതി ഉയര്‍ന്നത്. സുഗന്ധഗിരിയില്‍ മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ പോലിസ് പട്രോളിങ് മാത്രമാണുള്ളത്. കഴിഞ്ഞ ഒക്ടോബറിലും പൂക്കോട് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ ദേശീയപാതയോരത്തുള്ള കവാടത്തിലെത്തിയ മാവോവാദികള്‍ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it