Kerala

പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയില്‍ 19 വീട് പൂര്‍ണമായി തകര്‍ന്നു, 423 വീടുകള്‍ക്ക് ഭാഗികനാശം

രണ്ടു ദിവസമായി ജില്ലയിലുണ്ടായ കാറ്റിലും മഴയിലും തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി.കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി

പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയില്‍ 19 വീട് പൂര്‍ണമായി തകര്‍ന്നു, 423 വീടുകള്‍ക്ക് ഭാഗികനാശം
X

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ആലപ്പുഴ ജില്ലയില്‍ വ്യാപക നാശനഷ്ടം.ജില്ലയില്‍ 19 വീട് പൂര്‍ണമായി നശിച്ചു. 423 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.കുട്ടനാട്, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടം. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടില്‍ നാല് വീട് പൂര്‍ണമായും നശിച്ചു. 45 വീടുകള്‍ ഭാഗികമായി നശിച്ചു. കാര്‍ത്തികപ്പള്ളിയില്‍ 51 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

അമ്പലപ്പുഴ താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമായി 10 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 300 വീടുകള്‍ ഭാഗികമായും നശിച്ചു.ചേര്‍ത്തല താലൂക്കില്‍ അര്‍ത്തുങ്കല്‍, തൈക്കാട്ടുശ്ശേരി, തുറവൂര്‍ തെക്ക്, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളിലായി മരം വീടുകള്‍ക്കു മുകളില്‍ വീണ് 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒറ്റമശ്ശേരിയില്‍ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.മാവേലിക്കരയില്‍ 12 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ചെങ്ങന്നൂര്‍ താലൂക്കില്‍ ഏഴ് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കനത്ത മഴയും കടല്‍ക്ഷോഭവും തുടരുകയാണ്. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു.

രണ്ടു ദിവസമായി ജില്ലയിലുണ്ടായ കാറ്റിലും മഴയിലും തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി. രാത്രി വൈകിയും വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. വലിയ നാശമുണ്ടായ സ്ഥലങ്ങളിലൊഴികെയുള്ള പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.

കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമ പഞ്ചായത്തുകള്‍ ടാങ്കറുകള്‍ എത്തിച്ചാല്‍ കുടിവെള്ളം ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു.ഞായറാഴ്ചയോടെ എ.സി. റോഡിലടക്കം എല്ലാ റോഡുകളിലും വീണ മുഴുവന്‍ മരങ്ങളും മാറ്റുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. കടപുഴകിയ മരങ്ങള്‍ മാറ്റാനുള്ള നടപടികള്‍ രാത്രി വൈകിയും തുടരുകയാണ്.

തകരാറിലായ വഴിവിളക്കുകള്‍ അടിയന്തരമായി നന്നാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ ഒറ്റമശേരിയില്‍ അടിയന്തരമായി കല്ല് ഇറക്കി തീരം സംരക്ഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ഇവിടെ കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായിട്ടുണ്ട്.ജില്ലയിലെ കൊവിഡ് സ്ഥിതിഗതികളും ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച തല്‍സ്ഥിതിയും യോഗം വിലയിരുത്തി. വൈദ്യുതി മുടക്കമുണ്ടായാല്‍ മാവേലിക്കര ട്രാവന്‍കൂര്‍ ഓക്‌സിജന്‍ പ്ലാന്റിലെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ജനറേറ്ററടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ്അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it